അതിജീവനം എന്നതിലുപരി കോഴിക്കോട്ടെ പേരാന്പ്രയിലും മലപ്പുറത്തും ജനങ്ങൾക്കിടയിൽ ആഴ്ന്നുപതിച്ച ദിവസങ്ങളിലേക്കാണ് വൈറസ് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നത്. ആഷിക്ക് അബു ശ്രമകരമായ ദൗത്യം കൈയടക്കത്തോടെ കൈകാര്യം ചെയ്തിട്ടുണ്ട്. നിപ്പയെ മറന്ന ജനങ്ങൾക്കിടയിലേക്ക് വീണ്ടും ഒരു നിപ്പ തലപൊക്കിയ അവസരത്തിൽ തന്നെ ചിത്രം റിലീസിന് എത്തിയത് തികച്ചും യാദൃച്ഛികം മാത്രം. ശരിയായ സമയത്ത് ശരിയായൊരു ചിത്രം ബിഗ് സ്ക്രീനിലേക്ക് വന്നു കയറുകയായിരുന്നു.
പേടികൊണ്ടോ… ഇല്ലെങ്കിൽ ഉൾഭയം കൊണ്ടോ കാണാതിരിക്കണ്ട ചിത്രമല്ല വൈറസ്. സധൈര്യം മുന്നോട്ടുപോകാൻ പ്രാപ്തമാക്കുന്ന ഒരു കൂട്ടത്തെ, സമൂഹത്തെ വൈറസിൽ നിങ്ങൾക്ക് കാണാനാവും. ഇതൊരു കൂട്ടായ്മയുടെ ചിത്രമാണ്. ഇതിലെ നായകനും വില്ലനുമെല്ലാം ’നിപ്പ’ തന്നെയാണ്. നോണ്ലീനിയർ രീതിയിലുള്ള കഥപറച്ചിൽ ഒരുതരത്തിലും പ്രേക്ഷകരെ മുഷിപ്പിലേക്ക് തള്ളിയിടുന്നില്ല. മറിച്ച് എഴുത്തിന്റെയും കാമറയുടെയും പശ്ചാത്തല സംഗീത്തിന്റെയും അകന്പടിയോടെ വല്ലാത്തൊരു മരവിപ്പാണ് ചിത്രം തുടക്കത്തിലെ സമ്മാനിക്കുന്നത്. അത് പതിയെപ്പതിയെ ത്രില്ലിംഗ് അനുഭവത്തിലേക്ക് വഴിമാറുന്നതോടെ ചിത്രത്തിന്റെ സ്വഭാവം താനേ അതിജീവനത്തിലേക്കങ്ങ് എത്തുകയാണ്.
നിപ്പ ജീവിതത്തിൽ നിന്നും വിളിച്ചോണ്ടുപോയ സിസ്റ്റർ ലിനിയായി ചിത്രത്തിലെത്തുന്നത് റിമ കല്ലിങ്കലാണ്. സ്നേഹവും പരിചരണവും കൊണ്ട് നാടൻ പെണ്കുട്ടിയുടെ കെട്ടിലും മട്ടിലേക്കും റിമ നിഷ്പ്രയാസം മാറിയിട്ടുണ്ട്. വീട്ടുകാരെക്കുറിച്ചുള്ള സിസ്റ്ററുടെ ആന്തലും ആപത്ഘട്ടത്തിൽ വേണ്ടപ്പെട്ടവരെ മാറ്റിനിർത്താനുള്ള വെപ്രാളവുമെല്ലാം കടന്നുവരുന്ന രംഗങ്ങൾ ഉള്ളലിയിപ്പിച്ച് തന്നെയാണ് കടന്നുപോകുന്നത്.
കേരളം നിപ്പയെ എങ്ങനെ നേരിട്ടുവെന്ന് കൃത്യമായി കാട്ടിത്തരാൻ ആഷിക്ക് അബുവിനും സംഘത്തിനും കഴിഞ്ഞിട്ടുണ്ട്. ഒരാളിലേക്ക് നിപ്പ കടന്നുവന്ന വഴിയെക്കുറിച്ചുള്ള അന്വേഷണമാണ് ചിത്രത്തെ ത്രില്ലിംഗ് മൂഡിലേക്ക് കൊണ്ടുപോകുന്നത്. ഏതു നിമിഷത്തിൽ വേണമെങ്കിലും കൈവിട്ടുപോകാവുന്ന കഥാ ആഖ്യാനശൈലിയാണ് വൈറസിൽ അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്. പക്ഷേ നിപ്പ എല്ലാ ഘടകങ്ങളേയും ഒരേ നിരയിലേക്ക് എത്തിച്ച് ഒരു പുതുലോകം കാട്ടിത്തന്നു. മനുഷ്യൻ മനുഷ്യനെ കാണാതെ പേടിയുടെയും മരവിപ്പിന്റെയും ലോകത്തേക്ക് വഴുതി വീഴുന്ന കാഴ്ച ഭയാനകം തന്നെയാണ്.
ടോവിനോ, പൂർണിമ, രേവതി, ഇന്ദ്രജിത്ത്, ജോജു, ശ്രീനാഥ് ഭാസി, ആസിഫ് അലി, ഇന്ദ്രൻസ്,കുഞ്ചാക്കോ ബോബൻ, പാർവതി, സൗബിൻ ഷാഹിർ തുടങ്ങിയ നീണ്ടനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഓരോ കഥാപാത്രങ്ങൾക്കും ചിത്രത്തിൽ കൃത്യമായ സ്ഥാനമുണ്ട്. ഒരാൾക്ക് മുകളിൽ മറ്റൊരാൾ എന്ന രീതിയിൽ അല്ലാ ഇവിടെ കഥാപാത്രങ്ങൾ മിന്നിമറയുന്നത്. സാഹചര്യങ്ങളുടെ വേലിയേറ്റത്തിനും ഇറക്കത്തിനും അനുസരിച്ച് ഓരോരുത്തരും അവരവരുടെ ഭാഗങ്ങൾ നല്ല വെടിപ്പായി ചെയ്ത് പോകുകയാണ്.
തുടക്കത്തിൽ മനസിലേക്ക് കയറി കൂടുന്ന മരവിപ്പ് ഉള്ളിൽ തങ്ങുന്നതു കാരണം ഇത്തിരി ഗൗരവത്തോടു കൂടിയേ ഈ ചിത്രം കണ്ടിറങ്ങാനാവു. വിഷയത്തിന്റെ ഗൗരവം പ്രേക്ഷകരിലേക്കും വ്യാപിക്കുന്നതോടെ തീയറ്ററിൽ കൈയടിയുടെ കളകളാരവമൊന്നും കേൾക്കാനേ സാധിച്ചില്ല.
ഗൗരവമേറിയ വിഷയത്തെ സിനിമാറ്റിക്ക് ആക്കുന്പോൾ ആ വിഷയത്തിന്റെ ഗൗരവ സ്വഭാവം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇവിടെ പക്ഷേ തിരക്കഥയുടെ കെട്ടുറപ്പിൽ ആ ഗൗരവം അതേപടി നിന്നു. കുരുക്ക് അഴിച്ചും വീണ്ടും മുറുകിയും മുന്നേറുന്ന കഥാ ആഖ്യാന ശൈലിക്കിടയിലും ഇഴച്ചിലിനെ മാറ്റിനിർത്താൻ സംവിധായകൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. രാജീവ് രവിയുടെയും ഷൈജു ഖാലിദിന്റെയും കാമറ കണ്ണുകളും സുഷിൻ ശ്യാമിന്റെ പശ്ചാത്തലസംഗീതവും ഒന്നിനൊന്ന് മികവ് പുലർത്തിയപ്പോൾ അത് സിനിമയുടെ നല്ലൊഴുക്കിന് നല്ലവണ്ണം ഗുണം ചെയ്തു.
വൈറസ് ഒരോർമ്മപ്പെടുത്തലാണ്, ഒരുമയുടെ തോണി തുഴയുന്ന കേരളത്തിലെ ജനങ്ങളുടെ കെട്ടുറപ്പിന് ഇപ്പോഴും ഒരു ഇളക്കവും സംഭവിച്ചിട്ടില്ലായെന്നുള്ള ഓർമപ്പെടുത്തൽ. ആ തോണിയിലെ കാഴ്ചകൾ പ്രേക്ഷകർക്ക് കുറച്ച് കൂടി ഉൗർജം നൽകുമെന്ന കാര്യത്തിൽ തർക്കമില്ല. കാണാം ഒരുമയുടെ സഹനത്തിന്റെ അതിജീവനത്തിന്റെ കഥ ഒരുമിച്ച്.
വി.ശ്രീകാന്ത്