ബർലിൻ: കൊറോണ വൈറസിനു മനുഷ്യരുടെ കണ്ണുകളിലൂടെയും ശരീരത്തിൽ എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുമെന്ന് ജർമൻ ഗവേഷകർ. കണ്ണിലെ കോശങ്ങൾ വൈറസുകൾ കയറിയിരിക്കാൻ സാധ്യത കൂടുതലുള്ള സ്ഥലമാണെന്നും പഠനങ്ങളിൽ പറയുന്നു.
എസിഇ-2 (Angiotensin converting enzyme 2) റിസപ്റ്ററുകൾ വഴിയാണ് കൊറോണ വൈറസ് മനുഷ്യ കോശങ്ങളിലേക്കു പ്രവേശിക്കുന്നത്.
കോശങ്ങളുടെ കവാടമെന്നാണ് എസിഇ-2 വിശേഷിപ്പിക്കപ്പെടുന്നതു തന്നെ.
കണ്ണിലെ കോശങ്ങളിലെ ഈ കവാടത്തിലൂടെയുള്ള പ്രവേശനം വൈറസുകൾക്കു താരതമ്യേന കൂടുതൽ എളുപ്പമാണെന്നാണ് ഈ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
വൈറസ് അടങ്ങിയ സ്രവങ്ങൾ എന്തെങ്കിലും കണ്ണിൽ പതിക്കുകയോ വൈറസ് ബാധിച്ച കരങ്ങളാൽ കണ്ണിൽ സ്പർശിക്കുകയോ ചെയ്താൽ വൈറസ് കണ്ണിൽ ഇടംപിടിക്കും.
തുടർന്ന് ഇവയ്ക്കു കോശങ്ങൾക്ക് ഉള്ളിലേക്കു കടക്കാൻ എളുപ്പമാണത്രേ. നേരത്തേ വൈറസ് ബാധയേറ്റ ചില ആളുകൾക്കു ചെങ്കണ്ണിന്റേതു പോലുള്ള ലക്ഷണങ്ങൾ കണ്ടതും ഇതിന്റെ ഭാഗമാണെന്നു വിലയിരുത്തുന്നു.
ഇടയ്ക്കിടെ കണ്ണുകളിൽ തൊടുന്നതും തിരുമ്മുന്നതുമൊക്കെ കോവഡ്-19 ജാഗ്രതയുടെ കാലത്ത് തീർത്തും ഒഴിവാക്കേണ്ടതെന്ന മുന്നറിയിപ്പു കൂടിയാണ് ഈ പഠനങ്ങൾ നല്കുന്നത്.
കണ്ണടകൾ ഇടയ്ക്കിടെ വൃത്തിയാക്കണം. പലർ ഇടപെടുന്ന മേശപ്പുറങ്ങളിലും മറ്റും കണ്ണട ഊരിവച്ചിട്ട് വീണ്ടും എടുത്ത് ഉപയോഗിക്കുന്നതും രോഗപ്പകർച്ചയ്ക്കു വഴിതെളിച്ചേക്കാം.