മനാമ (ബെഹ്റിൻ): രാജ്യാന്തര സൗഹൃദമത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് ആദ്യ മത്സരത്തിൽ ഏഴ് താരങ്ങളെ നഷ്ടമായേക്കും. വീസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മൂലം ഏഴ് താരങ്ങൾക്ക് ടീമിനൊപ്പം യാത്ര ചെയ്യാൻ സാധിച്ചിട്ടില്ല.
രണ്ട് രാജ്യാന്തര സൗഹൃദ മത്സരങ്ങൾക്കായി മുംബൈയിൽനിന്നും പുറപ്പെട്ട ഇന്ത്യ ടീം തിങ്കളാഴ്ച ബെഹ്റിനിലെ മനാമയിൽ എത്തിയിരുന്നു. ബുധനാഴ്ച 9.30ന് ബെഹ്റിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പരിശീലകൻ ഇഗോർ സ്റ്റിമാച്ചും പരിശീലക സഹായികളും 25 കളി സംഘത്തിലെ 18 പേരുമാണ് മനാമയിൽ എത്തിയത്.
ഗോൾകീപ്പർ അമ്രീന്ദർ സിംഗ്, ഡിഫൻഡർ ചിംഗ്ലെൻസന സിംഗ്, ആകാശ് മിശ്ര, മിഡ്ഫീൽഡർമാരായ അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, അനികേത് യാദവ്, ബിപിൻ സിംഗ് എന്നിവർക്ക് വീസ അനുമതി കൃത്യസമയത്ത് ലഭിച്ചില്ല. അതിനാൽ തിങ്കളാഴ്ച ടീമംഗങ്ങൾക്കൊപ്പം വിമാനത്തിൽ കയറാനായിരുന്നില്ല.
ചൊവ്വാഴ്ച രാത്രിയോടെ വീസ അനുമതി ലഭിച്ച് കളിക്കാർക്ക് മുംബൈയിൽനിന്ന് പുറപ്പെടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കോച്ച് സ്റ്റിമാച്ച് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെ മനാമയിൽ എത്തിയില്ലെങ്കിലും താരങ്ങളെ ബെഹ്റിനുമായുള്ള മത്സരത്തിൽ പങ്കെടുപ്പിക്കാൻ കഴിയാതെവരുമെന്നും സ്റ്റിമാച്ച് പറഞ്ഞു.
26-ാം തീയതി ബെലാറൂസിനെതിതിരേയാണ് ഇന്ത്യയുടെ രണ്ടാമത്തെ സൗഹൃദ മത്സരം.പരിക്കേറ്റ സുനിൽ ഛേത്രി, മലയാളി താരം സഹൽ അബ്ദുൾ സമദ് തുടങ്ങിയവരുടെ അഭാവത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഗോളി പ്രഭ്സുഖൻ സിംഗ് ഗിൽ, ഡിഫെൻഡർ റൂയിവ ഹോർമിപാം, മിഡ്ഫീൽഡർ ജീക്സണ് സിംഗ് എന്നിവർ ഇന്ത്യയുടെ 25 അംഗ സംഘത്തിലുണ്ട്.
ബെഹ്റിനെതിരേ അവസാനം കളിച്ച രണ്ട് കളികളും ഇന്ത്യ പരാജയപ്പെട്ടിരുന്നു. 2019 ജനുവരിയിൽ നടന്ന മത്സരത്തിൽ 1-0നായിരുന്നു ശക്തരായ ബെഹ്റിനോട് ഇന്ത്യ പരാജയപ്പെട്ടത്.
തുടർച്ചയായ ഏഴ് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ഇന്ത്യൻ ടീം ഇന്ന് ബെഹ്റിനെതിരേ ഇറങ്ങുന്നതെന്നതും ശ്രദ്ധേയം. 2022 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ 2021 ജൂണിൽ ഖത്തറിനെതിരേയായിരുന്നു ഇന്ത്യയുടെ അവസാന തോൽവി.