പയ്യന്നൂര്‍: സ്പെയിനിലേക്ക് വീസ വാഗ്ദാനം ചെയ്ത് മൂന്നുപേരില്‍നിന്നായി 18,26,771 രൂപ തട്ടിയെടുത്തതായി പരാതി. പയ്യന്നൂര്‍ തായിനേരിയിലെ വിബിന് വിന്സ്റ്റന്റെ പരാതിയില്‍ പയ്യന്നൂര്‍ കണ്ടോത്തെ വിനായക്, ഇരിട്ടി ആനപ്പന്തിയിലെ സ്മിത ടി. ജോണ്‍ എന്നിവര്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് വഞ്ചനാകുറ്റത്തിനു കേസെടുത്തു.
കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ പല ദിവസങ്ങളിലായാണ് പരാതിക്കാസ്പദമായ തട്ടിപ്പു നടത്തിയത്. സ്പെയിനിലേക്ക് വീസ തരപ്പെടുത്തിനല്‍കാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനായ വിബിനില്നിന്ന് 8,81,598 രൂപയാണ് പ്രതികള്‍ വാങ്ങിയത്.
കൂടാതെ സഹൃത്തുക്കളായ യദുകൃഷ്ണന്റെ കയ്യില്‍നിന്ന് 6,45,173 രൂപയും കെ.വി. മിഥുനില്‍ നിന്ന് മൂന്ന് ലക്ഷം രൂപയും വീസ നല്‍കാമെന്ന ഉറപ്പില്‍ വാങ്ങിയതായി പരാതിയില്‍ പറയുന്നു.
എന്നാല്‍, പലവട്ടം ചോദിച്ചിട്ടും വീസയോ നല്കിയ പണമോ തിരിച്ച് നല്‍കാതെ വഞ്ചിക്കുകയായിരുന്നുവെന്ന പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.