നെടുമ്പാശേരി: വ്യാജ യാത്രാരേഖകൾ തയാറാക്കി ജോലിക്കായി ആളുകളെ വിദേശത്തേക്ക് കടത്തുന്ന സംഘത്തിലെ രണ്ടുപേർ കൂടി പിടിയിൽ.
ആന്ധ്രാപ്രദേശ് ഈസ്റ്റ് ഗോദാവരി ഗോപവാരം തല റാം ബാബു (46), ഈസ്റ്റ് ഗോദാവരി കൊല്ലാപാളയം റെഡ്ഡി മോഹൻ റാവു (50) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റു ചെയ്തത്.
ആന്ധ്രാ സ്വദേശികളായ സ്ത്രീകളെ മസ്ക്കറ്റിൽ വീട്ടുജോലിക്കെന്നു പറഞ്ഞാണ് വിസിറ്റിംഗ് വിസയിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കൊണ്ടുപോകാൻ ശ്രമിച്ചത്.
എയർപോർട്ടിലെ പരിശോധനയിൽ വിസ, റിട്ടേൺ ടിക്കറ്റ്, വാക്സിനേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ യാത്രാ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് എജന്റുമാരെ ആന്ധ്രയിൽ നിന്നു പിടികൂടിയത്.
പെരുമ്പാവൂർ എഎസ്പി അനൂജ് പലിവാലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ടി.കെ.സുധീർ, എഎസ്ഐമാരായ അബ്ദുൾ സത്താർ, ബൈജു കുര്യൻ, പ്രമോദ്, ഷിജു, സിപിഒമാരായ നവാബ്, ആന്റണി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.