കൊച്ചി: ഓസ്ട്രേലിയയിൽ ജോലിവിസ നൽകാമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ കൂടുതൽ ഉദ്യോഗാർഥികൾ പരാതിയുമായി രംഗത്ത്. എറണാകുളം നോർത്ത് സ്റ്റേഷനിൽ കഴിഞ്ഞദിവസം മാത്രം ഏഴ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. വിവിധ ജില്ലകളിൽ തട്ടിപ്പ് നടന്നിട്ടുള്ളതിനാൽ മറ്റ് പരാതികൾ അതാത് സ്റ്റേഷനുകളിൽ നൽകാനാണ് ഉദ്യോഗാർഥികളോട് പോലീസ് നിർദേശിച്ചിരിക്കുന്നത്.
കലൂർ ദേശാഭിമാനി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഒബോഇ ഓവർസീസ് എഡ്യൂക്കേഷൻ പ്ലേസ്മെൻറ് സർവിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്. മാനേജിംഗ് ഡയറക്ടർ കോഴിക്കോട് തത്തമംഗലം സ്വദേശി അരുണ്ദാസ് (28), ഡയറക്ടർ പാലക്കാട് മങ്കര സ്വദേശിനി ചിത്ര ഇ. നായർ (26), സിഇഒ കോയന്പത്തൂർ വളവടി സ്വദേശി ശാസ്തകുമാർ (46) മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് കണ്ണൂർ മട്ടന്നൂർ എളന്പപാല സ്വദേശി വിഷ്ണു (24) എന്നിവരെ നോർത്ത് പോലീസ് അറസ്റ്റു ചെയ്തിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകൾക്ക് പുറമെ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും ഉദ്യോഗാർഥികൾ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്. അതേസമയം, തട്ടിപ്പിന്റെ വ്യാപ്തി കൂടുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. ഒരു ഉദ്യോഗാർഥിയിൽ നിന്നും രണ്ടര ലക്ഷം രൂപയാണ് സ്ഥാപനം വാങ്ങിയിട്ടുള്ളത്.
ചെന്നൈ, ബംഗളൂരു തുടുങ്ങി രാജ്യത്തിന്റെ വിവധ ഭാഗങ്ങളിൽ സ്ഥാപനം പ്രവർത്തിച്ചിരുന്നു. ഇവിടങ്ങളിൽ നിന്നെല്ലാമായി 400ലധികം ഉദ്യോഗാർഥികളാണ് തട്ടിപ്പിന് ഇരയായിട്ടുള്ളത്. കൂടുതൽ പരാതികൾ ലഭിക്കുന്ന സാഹചര്യത്തിൽ നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് അറിയിച്ചു.