കൊച്ചി: ഓസ്ട്രേലിയയിൽ തൊഴിൽവിസ നൽകാമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ യുവതിയടക്കമുള്ള പ്രതികളെ പിടികൂടിയത് അതിസാഹസികമായി. വിവിധയിടങ്ങളിൽ മാറി മാറി ഒളിവിൽ കഴിഞ്ഞുവന്നിരുന്ന പ്രതികളെ ദിവസങ്ങൾ നീണ്ടുനിന്ന നിരീക്ഷണങ്ങൾക്കൊടുവിലാണു പോലീസ് വലയിലാക്കിയത്.
കലൂർ ദേശാഭിമാനി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഒബോഇ ഓവർസീസ് എഡ്യൂക്കേഷൻ പ്ലേസ്മെൻറ് സർവിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ കോഴിക്കോട് തത്തമംഗലം സ്വദേശി അരുണ്ദാസ് (28), ഡയറക്ടർ പാലക്കാട് മങ്കര സ്വദേശിനി ചിത്ര ഇ. നായർ (26), സിഇഒ കോയന്പത്തൂർ വളവടി സ്വദേശി ശാസ്തകുമാർ (46) മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് കണ്ണൂർ മട്ടന്നൂർ എളന്പാല സ്വദേശി വിഷ്ണു (24) എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റുചെയ്തത്.
തട്ടിപ്പിന് ഇരയായ ഏതാനുംപേരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ കണ്ടെത്താൻ അധികൃതർക്ക് സാധിച്ചിരുന്നില്ല. പലതവണ പോലീസ് പ്രതികളെ പിടികൂടാൻ ശ്രമിച്ചെങ്കിലും മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, തുടങ്ങിയ സംസ്ഥാനങ്ങളിൽ മാറിമാറി സഞ്ചരിച്ചിരുന്ന ഇവരെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു.
തുടർന്നു കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതികളിൽ ഒരാളായ വിഷ്ണു വീട്ടിൽ എത്തിയ വിവരം അറിയുകയും ഇതേത്തുടർന്ന് മട്ടന്നൂർ പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാളിൽനിന്നുമാണു മറ്റ് പ്രതികൾ ഒളിവിൽ കഴിഞ്ഞുവന്ന സ്ഥലം തിരിച്ചറിഞ്ഞത്.
കോയന്പത്തൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന അരുണ്ദാസിനെയും ചിത്രയെയും ഒരു രാത്രി മുഴുവൻ അവരുടെ താമസ സ്ഥലത്തിന് സമീപം മഫ്തിയിൽ നിരീക്ഷിച്ചശേഷം പിടികൂടുകയായിരുന്നു. തുടർന്നു ശാസ്തയെയും പിടികൂടി. ഇവരുടെ അറസ്റ്റ് തടയാൻ തമിഴ്നാട് പോലീസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും നോർത്ത് പോലീസ് വ്യക്തമാക്കി.
സ്ഥാപനത്തിന്റെ കൊച്ചി, കോയന്പത്തൂർ, ബംഗളൂരൂ ബ്രാഞ്ചുകൾ വഴി ഉദ്യോഗാർഥികളെ ക്ഷണിച്ച് പത്തു കോടിയോളം രൂപ തട്ടിച്ചെന്നാണ് കേസ്.
വിവിധ സംസ്ഥാനങ്ങളിൽനിന്നായി നാനൂറോളം പേരാണു തട്ടിപ്പിനിരയായത്. പള്ളുരുത്തി സ്വദേശി എബിൻ ഏബ്രഹാം, പട്ടിമറ്റം സ്വദേശി മിഞ്ചിൻ ജോണ് തുടങ്ങി ആറുപേരിൽ നിന്ന് 13 ലക്ഷം രൂപ വാങ്ങി തട്ടിച്ച കേസിൽ നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണു പ്രതികൾ അറസ്റ്റിലായത്.
പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും വിസ കിട്ടാതിരുന്നതിനെ തുടർന്ന് ഉദ്യോഗാർഥികൾ കൊച്ചിയിലെ ഓഫീസിൽ എത്തിയെങ്കിലും പൂട്ടിയിരുന്നു. കോയന്പത്തൂരിലുള്ള കോർപറേറ്റ് ഓഫീസിൽ എത്തി പണം ആവശ്യപ്പെട്ടതിനെതുടർന്നു മൂന്നു മാസത്തിനുള്ളിൽ പണം നൽകാമെന്ന് എഗ്രിമെന്റ് ഒപ്പിട്ടു നൽകി തിരിച്ചയച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും പണം കിട്ടാതിരുന്നതിനെത്തുടർന്നു വീണ്ടും അവിടെ ചെന്നെങ്കിലും ഓഫീസിലേക്ക് പ്രവേശിപ്പിച്ചില്ല.
തുടർന്നാണ് നോർത്ത് പോലീസിൽ പരാതി നൽകിയത്. അസിസ്റ്റൻറ് കമ്മീഷണർ കെ. ലാൽജി, നോർത്ത് സിഐ കെ.ജി. പീറ്റർ എന്നിവരുടെ നിർദേശാനുസരണം എസ്ഐമാരായ വിബിൻ ദാസ്, അനസ്, എഎസ്ഐ ശ്രീകുമാർ, സിപിഒമാരായ വിനോദ് കൃഷ്ണ, റെക്സിൻ, അജിലേഷ്, സരിത എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പ്രതികൾ പിടിയിലായ വിവരം അറിഞ്ഞ് തട്ടിപ്പിനിരയായ കൂടുതൽപേർ പരാതിയുമായി രംഗത്തുവരാനുള്ള സാധ്യതയുണ്ടെന്നാണ് അധികൃതരിൽനിന്നും ലഭിക്കുന്ന വിവരങ്ങൾ.