തളിപ്പറമ്പ്: ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട കടമ്പേരി സ്വദaേശികളെ എയര്‍ ഇന്ത്യയില്‍ ജോലിവാഗ്ദാനം ചെയ്ത് മൂന്നേ മുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ കെ.ദിനേശന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.
ഇയാള്‍ അതീവ സമര്‍ത്ഥനായ തട്ടിപ്പുകാരനാണെന്ന് പ്രാഥമികാന്വേഷണത്തില്‍ തന്നെ പോലീസിന് ബോധ്യമായി. നിരവധിയാളുകളെ വഞ്ചിച്ചതായി സംശയിക്കുന്നതിനാല്‍ സമാനമായ പരാതികള്‍ കേരളത്തിലോ പുറത്തോ ഉണ്ടായിട്ടുണ്ടോയെന്ന പരിശോധനയിലാണ് പോലീസ്.
പാലക്കാട് മണ്ണമ്പറ്റയിലെ എന്‍.വി. പ്രശാന്തിനെതിരേയാണ് തളിപ്പറമ്പ് പോലീസ് വഞ്ചന കുറ്റം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം ഇന്നലെ കേസെടുത്തത്. ബക്കളം കടമ്പേരിയിലെ ഉത്രം വില്ലയില്‍ എം.ജിതിന്, സുഹൃത്ത് ശ്രീഹരി പ്രേമരാജ് എന്നിവരുടെ പരാതിയിലാണ് കേസ്.
2016 ഓഗസ്റ്റ് മാസത്തിലാണ് ജിതിന് ഫെയ്സ്ബുക്ക് വഴി പ്രശാന്തിനെ പരിചയപ്പെടുന്നത്. ഐഎഎസ് ബിരുദധാരിയാണെന്നും ചെന്നൈയില്‍ ഡെപ്യൂട്ടി കളക്ടറായി ജോലിചെയ്യുകയാണെന്നുമാണ് ജിതിനെ വിശ്വസിപ്പിച്ചത്. ഫെയ്സ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും നിരന്തരം ബന്ധപ്പെട്ട ഇരുവരും തമ്മില്‍ അടുത്ത സുഹൃത്തുക്കളായി മാറി.
ഉന്നതന്മാരുമായി അടുത്ത ബന്ധമുണ്ടെന്ന് ജിതിനെ തെറ്റിദ്ധരിപ്പിച്ചാണ് എയര്‍ ഇന്ത്യയില്‍ ജോലി വാങ്ങിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങിയത്. ശ്രീഹരിയില്‍ നിന്ന് 2.25 ലക്ഷവും ജിതിനോട് 1,50,399 രൂപയുമാണ് വാങ്ങിയത്. ഇരുവരും ധര്‍മ്മശാല സിൻഡിക്കേറ്റ് ബാങ്ക് വഴി പ്രശാന്തിന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു.
എന്നാല്‍ പണം വാങ്ങിയശേഷം പ്രശാന്ത് ഇരുവരുമായും ബന്ധപ്പെടാതിരുന്നതോടെ സംശയം തോന്നി ചെന്നൈയില്‍ നടത്തിയ അന്വേഷണത്തിലാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി ഇവര്‍ക്ക് ബോധ്യമായത്. പ്രശാന്തിന്റെ ബന്ധുക്കള്‍ക്ക് അയാളുമായി യാതൊരു ബന്ധവുമില്ലെന്നാണ് അന്വേഷണത്തില്‍ മനസിലായത്. പ്രശാന്തിന്റെ ഫോണ്‍ നമ്പര്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്.