കണ്ണൂർ: വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തിയ പ്രതി അറസ്റ്റിൽ. ബാലുശേരി നിർമല്ലൂറിൽ വാഴമർമലയിലെ ഷിജു (30) വിനെയാണ് ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്ചെയ്തത്. റെയിൽവേ കാറ്ററിംഗ് തൊഴിലാളിയായ ഷിജു വയനാട്, കണ്ണൂർ, കോഴിക്കോട്, കാസർഗോഡ്, മലപ്പുറം, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചാണ് വീസ വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയത്.
സൗദി അറേബ്യ, മലേഷ്യ, ദുബായ്, ഖത്തർ എന്നിവിടങ്ങളിലേക്ക് വീസ വാഗ്ദാനം ചെയ്ത് അഡ്വാൻസ് വാങ്ങി മുങ്ങുകയാണ് പതിവ്. ഇടപാടുകാരുടെ അടുത്ത്നിന്നും 25,000 രൂപ മുതൽ 85,000 രൂപ വരെ അഡ്വാൻസ് വാങ്ങുന്നുണ്ട്. അഴീക്കോട്ടെ തേജസിന്റെ പരാതി പ്രകാരമാണ് ഇയാളെ അറസ്റ്റ്ചെയ്തത്.
വീസ ആവശ്യമുണ്ടെന്ന് പറഞ്ഞ് എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കണ്ണൂർ ബസ് സ്റ്റാൻഡിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ ചില ട്രാവൽ ഏജൻസികൾ കേന്ദ്രീകരിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ ബാലുശേരി കേന്ദ്രീകരിച്ച് കൂടുതൽ തട്ടിപ്പുകൾ നടന്നിട്ടുണ്ട്. കണ്ണാടിപറന്പ് സ്വദേശികളും ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. വിദേശത്ത് ഹൗസ് ഡ്രൈവറുടെയും മറ്റു ഡ്രൈവർമാരുടെയും ജോലി വാഗ്ദാനം ചെയ്ത് പത്തോളം പേരിൽനിന്ന് നാലുലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. വഞ്ചനാക്കുറ്റത്തിന് ബാലുശേരി പോലീസിൽ ഇയാളുടെ പേരിൽ നിലവിൽ കേസുണ്ട്.
ലോഡ്ജിൽ താമസിച്ചാണ് ഇയാൾ യുവാക്കളുമായി ബന്ധപ്പെടുന്നത്. തന്റെ കൈയിൽ നിരവധി വീസയുണ്ടെന്നും മെഡിക്കലിനും മറ്റുമായി ചെറിയ തുക തന്നാൽ വീസ തരാമെന്നും പറയുകയായിരുന്നു. പത്തോളം പേരിൽനിന്ന് പാസ്പോർട്ട് കൈക്കലാക്കിയിട്ടുണ്ട്. കോഴിക്കോട്ടെ ഒരു മൊബൈൽ ഷോപ്പിൽ നിന്നും പാസ്പോർട്ടുകൾ കണ്ടെടുത്തു.
ഇയാളുടെ കൈയിൽ നിന്നും അഞ്ച് ഡെബിറ്റ് കാർഡും പോലീസ് കണ്ടെടുത്തു. എസ്ഐയെ കൂടാതെ സഞ്ജയ്, ലിജേഷ്, സ്നേഹേഷ്, സജിത്ത് തുടങ്ങിയവരും പോലീസ് സംഘത്തോടൊപ്പമുണ്ടായിരുന്നു.