തിരുവനന്തപുരം: ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് 10 മലയാളികളെ ബോസ്നിയയിൽ കുടുക്കി കൊച്ചുവേളി സ്വദേശിനി ബബിത റാഫി എന്ന യുവതി മുങ്ങിയതായി പരാതി. അങ്കമാലി, തിരുവനന്തപുരം സ്വദേശികളിൽ നിന്ന് ഏഴ് ലക്ഷം രൂപ വീതം വാങ്ങിയാണ് തട്ടിപ്പു നടത്തിയത്.
ബോസ്നിയ വഴി ഇസ്രയേലിൽ എത്തിച്ച് വീട്ടുജോലി വാങ്ങി നൽകാമെന്നായിരുന്നു വാഗ്ദാനം. 10 പേരെ ഏപ്രിൽ 17നാണ് തിരുവനന്തപുരം വിമാനത്താവളം വഴി ബോസ്നിയയിൽ എത്തിച്ചത്. ബബിത റാഫിയും ഇവർക്കൊപ്പമുണ്ടായിരുന്നു.
നാലരമാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനാൽ ഇവർ നാട്ടിലെ ബന്ധുക്കളെ അറിയിക്കുകയും പോലീസിന്റെ സഹായത്തോടെ ഇവരിൽ നാലുപേർ തിരികെയെത്തുകയുമായിരുന്നു. ബാക്കി ആറുപേരെക്കുറിച്ച് ഒരു വിവരവുമില്ല. തിരിച്ചെത്തിയ കൊച്ചുവേളി സ്വദേശി റിനോൾഡ്, പുതുക്കുറിച്ചി സ്വദേശി ഷിംല, അങ്കമാലി സ്വദേശി സോണ എന്നിവരാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കു പരാതി നൽകിയത്.
ബ്രിട്ടീഷ് പൗരത്വമുള്ള എറണാകുളം സ്വദേശി ഉണ്ണികൃഷ്ണൻ നന്പൂതിരി എന്ന വ്യക്തിയാണ് ബോസ്നിയയിൽ തങ്ങളെ സ്വീകരിച്ചതെന്നും ഇവർ നൽകിയ പരാതിയിൽ പറയുന്നു. ജനവാസമില്ലാത്ത കാട്ടിനുള്ളിലെ ഒരു കെട്ടിടത്തിലാണ് പാർപ്പിച്ചത്.
ഒരു മാസത്തിനുള്ളിൽ അവിടെനിന്ന് ഇസ്രയേലിലേക്ക് അയയ്ക്കാമെന്നാണ് അറിയിച്ചിരുന്നത്. ഒരു മാസത്തോളം ബബിതയും അവിടെ കഴിഞ്ഞു. പിന്നീട് ബബിത മുങ്ങി. പരാതിപ്പെടാൻ ശ്രമിക്കരുതെന്നും ശ്രമിച്ചാൽ കള്ളക്കേസിൽ കുടുക്കി ബോസ്നിയയിലെ ജയിലിൽ അടയ്ക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തിയിരുന്നു.
ഇഴജന്തുക്കളുടെ ശല്യം കാരണം പുറത്തിറങ്ങാൽ പോലും പറ്റാത്ത അവസ്ഥയായിരുന്നു. ഭക്ഷണ സാധനങ്ങളും തീർന്നിരുന്നു. ഇതോടെ ജീവിതം വഴിമുട്ടി. പിന്നീട് കിലോമീറ്ററുകൾക്കപ്പുറമുള്ള ഒരു റഷ്യക്കാരന്റെ കൃഷിയിടത്തിൽ നിന്നുമാണ് ഭക്ഷണം സംഘടിപ്പിച്ചിരുന്നത്.
മാസങ്ങൾ കഴിഞ്ഞിട്ടും ഇസ്രയേലിലേക്കു കൊണ്ടുപോകാതെ വന്നതോടെ ബോസ്നിയയിൽ കുടുങ്ങിയ വിവരം ഇവർ നാട്ടിൽ അറിയിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ ബബിതയെ വലിയതുറ സിഐ വിളിച്ചു വരുത്തുകയും ബോസ്നിയയിലുള്ള ഉണ്ണികൃഷ്ണനെ ബന്ധപ്പെട്ട് ഇവരെ എത്രയും വേഗം നാട്ടിൽ തിരികെയെത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇതോടെ പരാതി നൽകിയ നാലുപേരെ കെട്ടിടത്തിനുള്ളിലാക്കി മറ്റ് ആറു പേരെ അവിടെ നിന്നും മാറ്റി. കുറച്ചു ദിവസങ്ങൾക്കുശേഷം ഈ നാലു പേരെ ബോസ്നിയയിൽനിന്ന് ഈസ്റ്റാംബൂൾ വഴി നാട്ടിലേക്ക് തിരികെ അയയ്ക്കുകയും ചെയ്യുകയായി രുന്നു.