കൊച്ചി: വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും വീസ തട്ടിപ്പു നടത്തിയ കേസിൽ റിമാൻഡിലായ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതര സംസ്ഥാനത്തുൾപ്പെടെ നിരവധി തട്ടിപ്പ് നടത്തിയെന്നു സംശയിക്കുന്ന പ്രതിക്കെതിരെ കൂടുതൽ പരാതികൾ ഉയരാൻ സാധ്യതയുണ്ടെന്നു പോലീസ് വ്യകത്മാക്കി.
നിലവിൽ രണ്ടു പേരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് മീററ്റ് സ്വദേശിയായ രവിസിംഗ് ടോമർ (32) ആണ് പിടിയിലായത്. രാജ്യവ്യാപകമായി നൂറുകണക്കിനുപേർ ഇയാളുടെ തട്ടിപ്പിനിരയായതായും ലക്ഷകണക്കിനു രൂപ ഇയാൾ തട്ടിച്ചെടുത്തതായി സംശയിക്കുന്നതായും പോലീസ് പറഞ്ഞു.
വിശദമായ അന്വേഷണത്തിനാണു ഇയാളെ കസ്റ്റഡിയിൽ വാങ്ങുന്നത്.
സിംഗപ്പൂരിൽ ജോലിയും ഉന്നത വിദ്യാഭ്യാസ കോഴ്സുകളിലേക്കു പ്രവേശനവും വാഗ്ദാനം ചെയ്താണ് ഇയാൾ തട്ടിപ്പു നടത്തിയിരുന്നത്. തട്ടിപ്പിനിരയായ ബംഗളൂരു സ്വദേശി കൊച്ചിയിലെ സുഹൃത്തുക്കൾക്കു ജോലി ആവശ്യമുണ്ടെന്ന വ്യാജേനെ വിളിച്ചുവരുത്തിയാണ് ഇയാളെ കുടുക്കിയത്.
തട്ടിപ്പിനായി ഇയാൾ ഫേസ്ബുക്കിൽ തുറന്ന പേജ് കണ്ട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നു യുവാക്കളും യുവതികളും ബന്ധപ്പെട്ടിരുന്നു. രണ്ടു ലക്ഷം രൂപയ്ക്കു മുകളിലാണ് ഒരാളിൽനിന്ന് ഈടാക്കിയിരുന്നത്. യാത്ര പുറപ്പെടുന്നതിനു മണിക്കൂറുകൾ മുന്പു മാത്രമാണു വീസ കൈമാറുന്നത്.
വ്യാജ വീസയുമായി സിംഗപ്പൂരിൽ എത്തിയവരെ വിമാനത്താവളത്തിൽവച്ചുതന്നെ ഇന്ത്യയിലേക്കു മടക്കി അയച്ചു. ഇങ്ങനെയെത്തുന്നവരുടെ പാസ്പോർട്ട് സിംഗപ്പൂർ അധികൃതരുടെ നിർദേശപ്രകാരം ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ തടഞ്ഞുവയ്ക്കും. സിംഗപ്പൂരിൽനിന്നു തിരിച്ചയക്കുന്നതിനു ചെലവായ തുക തിരിച്ചടച്ചാൽ മാത്രമെ പാസ്പോർട്ട് തിരികെ നൽകൂ. ഈ വകയിലും ലക്ഷക്കണക്കിനു രൂപ ഉദ്യോഗാർഥികൾക്കു നഷ്ടപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.