കണ്ണൂർ: യുകെയിൽ കെയർ വർക്കർ വീസ വാഗ്ദാനം ചെയ്ത് സ്ത്രീകളിൽനിന്ന് കോടികൾ തട്ടിയെടുത്ത സ്റ്റാർനെറ്റ് ഇന്റർനാഷണൽ റിക്രൂട്ട്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനം പ്രവർത്തിച്ചത് ലൈസൻസ് ഇല്ലാതെ.കോട്ടയം, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിലായാണ് സ്ഥാപനം പ്രവർത്തിച്ചത്.
കഴിഞ്ഞ ഒരുവർഷത്തിനിടെ കോടികളുടെ പണമിടപാടുകളാണ് ഈ സ്ഥാപനത്തിലൂടെ നടന്നത്. കഴിഞ്ഞ മാസം 45 ലക്ഷം രൂപ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പിൻവലിച്ച് തിരുവന്തപുരം സ്വദേശിയായ ഒരാൾക്ക് നൽകിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലൈസൻസ് ഇല്ലാത്ത ഒരു സ്ഥാപനം എങ്ങനെയാണ് കോടികളുടെ ഇടപാടുകൾ നടത്തുന്നതെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
ഇന്നലെ സ്ഥാപന ഡയറക്ടറും പയ്യാവൂർ കാക്കത്തോട് സ്വദേശിയുമായ മാത്യൂസ് ജോസ്(31) അറസ്റ്റിലായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പരാതികളുടെ പ്രവാഹമാണ്. ഫോൺമുഖാന്തരം വിളിച്ച് നിരവധി പേർ ഇതിനോടകം പരാതി അറിയിച്ചിട്ടുണ്ടെന്ന് എസിപി കെ.വി. വേണുഗോപാൽ പറഞ്ഞു.
നിലവിൽ തൃശൂരിലെ വിയ്യൂർ, എറണാകുളം റൂറലിലെ പോത്താനിക്കാട്, പുത്തൻവേലിക്കര, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഇവർക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഈ കേസിൽ എറണാകുളം തൊടുപുഴ സ്വദേശി നിധിൻ ഷാ, ഭാര്യ അലിൻ സത്താർ, കണ്ണൂർ കുടിയാന്മല സ്വദേശി സിദ്ധാർഥ്, കന്പനി അധികൃതരായ മാത്യുസ് ജോസ്, അഭിലാഷ് ഫിലിപ്, സോനു മോൻ എന്നിവരായിരുന്നു പ്രതികൾ.
ഇവരെ കൂടാതെ കൂടതൽ പ്രതികൾ ഉൾപെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കണ്ണൂർ എസിപി കെ.വി. വേണുഗോപാൽ, കണ്ണൂർ ടൗൺ ഇൻസ്പെക്ടർ സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
സംഘത്തിന് അന്താരാഷ്ട്ര ബന്ധം
വീസ തട്ടിപ്പ് കേസിനെ പ്രതികൾക്ക് അന്താരാഷ്ട്ര ബന്ധമുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബെൽജിയത്തിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി സോനുമോനാണ് ഇതിൽ മുഖ്യസൂത്രധാരനെന്നാണ് കണ്ടെത്തൽ. ഇയാളാണ് റിക്രൂട്ട്മെന്റ് തട്ടിപ്പ് നിയന്ത്രിക്കുന്നതെന്ന് പോലീസ് പറയുന്നു. ഇയാളെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പിനിരയാകുന്നവരിൽ അധികവും സ്ത്രീകളാണെന്ന് പോലീസ് പറഞ്ഞു.