മെഡിക്കൽകോളജ്: കാനഡയിലേക്കുള്ള വിസ വാഗ്ദാനം ചെയ്ത് ഒമ്പതര ലക്ഷം രൂപ തട്ടിയെടുത്ത ട്രാവൽസ് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. പട്ടം റിയ ട്രാവൽ സൊല്യൂഷൻസ് ഉടമ കവടിയാർ ഗോൾഫ് ലിങ്ക്സ് നീലിമ വീട്ടിൽ മുജീബ് റഹ്മാൻ (43)നെയാണ് മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്.
നെട്ടയം സ്വദേശിനി ശിവലക്ഷ്മിയ്ക്ക് കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് നാല് ലക്ഷം രൂപയും അവരുടെ പരിചയക്കാരിക്കും ബന്ധുക്കൾക്കും ഫാമിലി വിസ നൽകാമെന്ന് പറഞ്ഞ് അഞ്ചര ലക്ഷം രൂപയും ഉൾപ്പെടെ ഒമ്പതര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വിസാ തട്ടിപ്പ് കേസുകള്‍ നിലവിലുണ്ടെന്നും നിരവധിപേരെ കബളിപ്പിച്ച് പണം തട്ടിയെടുത്ത് ഇയാൾ ആഡംബരജീവിതമാണ് നയിച്ചു വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു.
മെഡിക്കൽകോളജ് എസ്എച്ച്ഒ ഹരിലാലിന്റെ നേതൃത്വത്തിൽ എസ്ഐമാരായ പ്രശാന്ത്, രതീഷ്, പ്രിയ, എഎസ്ഐ സാദത്ത്, എസ്സിപിഒമാരായ അനിൽകുമാർ, രഞ്ജിത്, പ്രീജ, സിപിഒമാരായ ബിനു, രഘു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളുടെ ഗോൾഫ് ലിങ്ക്സിലെ വീട്ടിൽ നിന്നും നിരവധി പാസ്പോർട്ടുകളും രേഖകളും പോലീസ് കണ്ടെടുത്തെന്നും ഇവ പരിശോധിച്ച് പ്രതി കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് കണ്ടെത്തുവാൻ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്നും കമ്മീഷണർ അറിയിച്ചു.