പയ്യന്നൂര്‍: വിസ തട്ടിപ്പിനിരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ തളിപ്പറമ്പിലെ സ്ഥാപനം വഞ്ചിച്ചുവെന്ന പരാതിയില്‍ പയ്യന്നൂർ പോലീസിലും കേസ്.
കുന്നരു കാരന്താട്ടെ താത്രാടന്‍ വീട്ടില്‍ ശശിയുടെ പരാതിയിലാണ് തളിപ്പറമ്പിലെ സ്റ്റാര്‍ ഹൈറ്റ്സ് കണ്‍സള്‍ട്ടന്‍സിയിലെ കിഷോര്‍ കുമാറിനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
യുകെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ഇയാള്‍ പരാതിക്കാരനില്‍നിന്നും 13 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി.കാനറ ബാങ്ക് അക്കൗണ്ടുവഴിയാണ് 2021 ആഗസ്റ്റ് അവസാന ആഴ്ചമുതല്‍ കഴിഞ്ഞ വര്‍ഷം ജൂലൈവരെ പരാതിക്കാരന് പണം നല്‍കിയത്.
എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും പരാതിക്കാരന് വിസ കിട്ടിയില്ല. പലവട്ടമാവശ്യപ്പെട്ടിട്ടും വിസയ്ക്കായി നല്കിയ പണം തിരിച്ചുനല്‍കാതെയും വന്നപ്പോഴാണ് ഇയാള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.
ആറ് ലക്ഷം രൂപ നല്കി വീസ തട്ടിപ്പിനിരയായ വയനാട് പുല്‍പ്പള്ളിയിലെ ടോമി-വിന്‍സി ദമ്പതികളുടെ മകന് മുത്തേടത്ത് അനൂപ് ടോമി (24)കഴിഞ്ഞ ദിവസം ജീവനൊടുക്കിയ സംഭവമുണ്ടായിരുന്നു.
യുകെയിലേക്കുള്ള വിസ വാഗ്ദാനത്തില്‍ കുടുങ്ങി അഞ്ച് ലക്ഷം മുതല്‍ ആറരലക്ഷം രൂപ വരെയാണ് പലര്‍ക്കും നഷ്ടമായത്. കാലാവധി കഴിഞ്ഞിട്ടും വീസയോ കൊടുത്ത പണമോ ലഭിക്കാതായതോടെ ഉദ്യോഗാര്‍ഥികള്‍ ഇയാളെ തേടിയെത്തിയപ്പോഴേക്കും തളിപ്പറമ്പിലെ ഓഫീസ് പൂട്ടിയിരുന്നു.
ആലക്കോട് സ്വദേശിയുള്‍പ്പെടെ ഏഴുപേരുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് വിശ്വാസ വഞ്ചനക്ക് കേസെടുത്ത് അന്വേഷണം നടത്തിവരുന്നുമുണ്ട്.