കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത സംഭവത്തിൽ പിടിയിലായ യുവതിയും ഇവരുടെ സഹായിയുടെയും ബാങ്കിടപാട് കണ്ട് പോലീസ് ഞെട്ടി. രണ്ടു കോടിയലധികം രൂപയുടെ ഇടപാടുകളാണ് ബാങ്കുവഴി മാത്രം ഇവർ നടത്തിയിട്ടുള്ളതെന്നു പോലീസ് പറഞ്ഞു. ഇതിൽ എത്ര രൂപ ഇവർ തട്ടിച്ചെടുത്തിട്ടുണ്ടെന്നു അന്വേഷിച്ചുവരികയാണെന്നും കൂടുതൽ പരാതികൾ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
2017 ഒക്ടോബറിൽ ഓസ്ട്രേലിയയിൽ ജോലിക്കായി വിസ ശരിയാക്കി നൽകാമെന്നു പറഞ്ഞു 15 ലക്ഷം രൂപ വാങ്ങിയശേഷം പണമോ ജോലിയോ നൽകാതെ ചതിച്ചുവെന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിന്റെ പരാതിയിൽ പാലാരിവട്ടം ചക്കരപ്പറന്പ് എടിഎച്ച്എസ് എഡ്യുക്കേഷണൽ കണ്സൾട്ടൻസി എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ തൃശൂർ വെങ്കിടങ്ങ് എടക്കൽ രാരി (28), തൃശൂർ ചാവക്കാട് വടക്കേക്കാട് ഒലക്കയ്യൂർ മുഹമ്മദ് അഷറഫ് (28) എന്നിവരെയാണു പാലാരിവട്ടം പോലീസ് അറസ്റ്റു ചെയ്തത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണു കോടിക്കണക്കിനു രൂപയുടെ ഇടപാടുകൾ പോലീസ് തിരിച്ചറിഞ്ഞത്.
വീടുകൾ കയറിയിറങ്ങിയാണ് ഇവർ പണം കൈപ്പറ്റിയിരുന്നുവെന്നാണു പോലീസ് പറയുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇത്തരത്തിൽ പണം സ്വീകരിച്ചിട്ടുണ്ടെന്നും തട്ടിപ്പുകൾ സംബന്ധിച്ച് ഏതെങ്കിലും പോലീസ് സ്റ്റേഷനിൽ പരാതിയുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും അധികൃതർ പറഞ്ഞു.
പ്രധാനമായും ഓസ്ട്രേലിയ, കാനഡ, അയർലൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങളിലേക്കു വീസ വാഗ്ദാനം ചെയ്താണു പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. ഇവിടങ്ങളിലേക്കുള്ള കുടിയേറ്റ നിയന്ത്രണ നിയമങ്ങളിൽ ഇളവ് നേടിത്തരാമെന്നു പറഞ്ഞാണു പ്രതികൾ ഉദ്യോഗാർഥികളെ വലയിലാക്കിയിരുന്നത്. നിലവിൽ ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട ഉദ്യോഗാർഥികളിൽ ചിലർ മുംബൈയിൽ കുടുങ്ങി കിടക്കുന്നതായി അറിയാൻ കഴിഞ്ഞിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.
ഇന്നു കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് പറഞ്ഞു. പാലാരിവട്ടം എസ്ഐ എസ്. സനൽ, അഡി. എസ്ഐ വിൻസെന്റ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആസൂത്രിതമായ നീക്കത്തിലൂടെ തമ്മനം ഭാഗത്തുവച്ച് പ്രതികളെ അറസ്റ്റു ചെയ്തത്.