കോട്ടയം: എസ്എച്ച് മൗണ്ട് കേന്ദ്രമാക്കി നടത്തി വന്ന സ്ഥാപനം വീസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ വിദേശത്തുനിന്ന് നാട്ടിലെത്തിക്കാൻ പോലീസ് നീക്കം ആരംഭിച്ചു. കൈപ്പുഴ ഇടമറ്റം റോബിൻ മാത്യു(30)വാണ് തട്ടിപ്പ് സ്ഥാപനത്തിന്റെ മേധാവി. ഇയാൾ കാനഡയിലേക്ക് കടന്നു. അവിടെനിന്ന് കേരളത്തിൽ എത്തിക്കാൻ ഇന്റർപോളിന്റെ സഹായം തേടാനുള്ള നടപടികൾ ആരംഭിച്ചു.
കേസ് അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ റോബിന്റെ പിതാവ് മാത്യു (60), സഹോദരൻ തോമസ് മാത്യു (32) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡും ചെയ്തിരുന്നു. തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ റോബിന്റെ അക്കൗണ്ട് പരിശോധിച്ച പോലീസ് ഞെട്ടി.
ആകെയുള്ളത് അയ്യായിരം രൂപ മാത്രം. വിദേശത്തേക്ക് കടക്കുന്നതിനു തലേന്ന് റോബിൻ അക്കൗണ്ടിൽനിന്നും 55 ലക്ഷം രൂപ പിൻവലിച്ചിരുന്നു. തട്ടിപ്പിലൂടെ സ്വന്തമാക്കിയ തുക മറ്റാർക്കും നൽകാതെയാണ് റോബിൻ വിദേശത്തേക്കു കടന്നിരിക്കുന്നതെന്നാണ് പിടിയിലായവരുടെ മൊഴി. വ്യാജ പാസ്പോർട്ടാണ് ഇയാളുടെ കൈവശമുള്ളതെന്നും പോലീസ് സംശയിക്കുന്നു.
തട്ടിയെടുത്ത കോടികൾ ഏതു രീതിയിൽ റോബിൻ വിദേശത്ത് എത്തിച്ചു എന്നാണു പോലീസ് ഇപ്പോൾ പരിശോധിക്കുന്നത്.അതേ സമയം കേസിൽ രണ്ടു പേരെക്കൂടി ഇന്നലെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. നാട്ടകം പള്ളം കരിന്പിൻകാല വഴിയിൽപ്പറന്പിൽ നവീൻകുമാർ (29), കൊല്ലാട് നാൽക്കവല പുത്തേട്ട് ജെയിംസ് വർഗീസ് (30) എന്നിവരെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ കെ. ധനപാലൻ അറസ്റ്റ് ചെയ്തത്. തായ്ലൻഡിലേക്കു കടന്ന പ്രതികളെ തന്ത്രപരമായ അന്വേഷണത്തിലൂടെ കുടുക്കുകയായിരുന്നു.
എസ്എച്ച് മൗണ്ടിൽ പ്രവർത്തിച്ചിരുന്ന ഫിനിക്സ് കണ്സൾട്ടൻസി ആൻഡ് ട്രാവൽ ഏജൻസി മുന്നൂറിലധികം ആളുകളെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്തു എന്നാണ് കേസ്.