രണ്ടു സുഹൃത്തുക്കളുടെ സ്വപ്നങ്ങളുടെ കഥ- അതാണ് ഈ സിനിമയിലേക്ക് അടുപ്പിച്ചതെന്നു നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യം രാഷ്്ട്ര ദീപികയോടു പറഞ്ഞു. ‘ഹൃദയം ഷൂട്ടിംഗ് കഴിഞ്ഞപ്പോഴേക്കും ഞാനും വീനീതും പ്രണവുമൊക്കെ ഒരു കുടുംബംപോലെയായി. ഒരു പടം കൂടി ഒരുമിച്ചു ചെയ്യാമെന്നു തീരുമാനിച്ചു. പിന്നെ, ഇതിന്റെ തീം… സിനിമയ്ക്കകത്തെ സിനിമ. അത്തരമൊരു പടം വന്നിട്ടു കുറേക്കാലമായിരുന്നു.
130 ആര്‍ട്ടിസ്റ്റുകള്‍. 54 ലൊക്കേഷനുകള്‍. അത്രയും വലിയ പടം. ടെന്‍ഷനുണ്ടായിരുന്നു. പ്രണവും ധ്യാനും കല്യാണിയും അജുവും ബേസിലും നിവിനും നീരജുമൊക്കെ സൗഹൃദത്തിന്റെ പേരില്‍ പ്രതിഫലം കുറച്ചതു വലിയ ആശ്വാസമായി. ഞാന്‍ നിര്‍മിച്ച ലവ് ആക്ഷന്‍ ഡ്രാമ, ഹൃദയം എന്നിവയേക്കാള്‍ രണ്ടു മൂന്നിരട്ടി വരും ഇതിന്റെ ബജറ്റ്. അവരുടെ സപ്പോര്ട്ടില്ലായിരുന്നുവെങ്കില് ബജറ്റ് പിന്നെയും ഉയര്‍ന്നേനെ.
കൊച്ചിയില്‍ സ്ഥലമെടുത്ത് എഴുപതുകളിലെ മദിരാശി സ്ട്രീറ്റും മ്യൂസിക് സ്റ്റുഡിയോസും പുനഃസൃഷ്ടിക്കേണ്ടിവന്നു. പുതു തലമുറയിലെ നമ്പര്‍ വണ്‍ ആക്ടേഴ്സാണല്ലോ അഭിനേതാക്കള്‍. വിനീതിന് ആവശ്യമുള്ള ഡേറ്റില്തന്നെ എല്ലാവരെയും സെറ്റിലെത്തിക്കുക എന്നതും ചലഞ്ചായി.
ഹൃദയം കഴിഞ്ഞതോടെ വിനീത് എന്താണു പ്രതീക്ഷിക്കുന്നതെന്നു പറയാതെതന്നെ പ്രണവിനറിയാമെന്നായി. ഹ്യൂമര്‍ പറയുന്ന ധ്യാന്‍. സൈലന്റായ പ്രണവ്. പക്ഷേ, ആദ്യ ദിവസം തന്നെ ഇരുവരും സുഹൃത്തുക്കളായി. ഷൂട്ടില്ലാത്തപ്പോള്‍ ഒരുമിച്ചുകൂടി. സീനുകളില്‍ ധ്യാന്‍- പ്രണവ് മാജിക്കല്‍ കെമിസ്ട്രി നന്നായി വര്‍ക്കൗട്ടായി. വിനീതിനൊപ്പം ഞാൻ ഒരു സിനിമ കൂടി ചെയ്യുന്നുണ്ട്. വിനീതിന്റെ സ്ക്രിപ്റ്റ് റെഡിയാകുന്പോൾ അതിന്റെ ഒരുക്കം തുടങ്ങും.’