ഇത്തരം തമാശക്കളികള്‍ക്ക് എനിക്ക് സമയമില്ല! അവന്റെ മനസില്‍ എത്രത്തോളം സത്യമുണ്ടായിരുന്നു എന്നും അറിയില്ല; ആര്യ നടത്തിയ റിയാലിറ്റി ഷോയെ പരിഹസിച്ച് അടുത്ത സുഹൃത്ത് വിശാല്‍ രംഗത്ത്

ജീവിത പങ്കാളിയെ കണ്ടെത്താനായി നടന്‍ ആര്യ നടത്തി വന്നിരുന്ന റിയാലിറ്റി ഷോ വലിയ വിവാദങ്ങളിലൂടെയാണ് കടന്നുവന്നുകൊണ്ടിരുന്നത്. പിന്നീട് ഫൈനല്‍ റൗണ്ടിലെത്തിയപ്പോള്‍ ആരെയും തെരഞ്ഞെടുക്കാതെ ആര്യ ഒഴിവായതുമെല്ലാം വാര്‍ത്തയായിരുന്നു.

പെണ്‍കുട്ടികളെ ചൂഷണം ചെയ്യലും അപമാനിക്കലുമാണ് ഇതിലൂടെ നടക്കുന്നതെന്നും ആരോപണങ്ങളുയര്‍ന്നിരുന്നു. ഇപ്പോഴിതാ ആര്യയുടെ ആത്മാര്‍ത്ഥ സുഹൃത്തും നടനുമായ വിശാല്‍ ആര്യയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നു.

എങ്കവീട്ടു മാപ്പിളൈയില്‍ അതിഥിയായി എത്തിയിരുന്നതിനാല്‍ വിശാലിനും ഷോയുടെ വിശ്വസനീയത സംബന്ധിച്ച ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്.

മിസ്റ്റര്‍ ചന്ദ്രമൗലി എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ അത്തരത്തില്‍ ഒരു ചോദ്യം നേരിടേണ്ടി വന്നപ്പോള്‍ ആര്യയെ താരസംഘടനയായ നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറി കൂടിയായ വിശാല്‍ വിമര്‍ശിക്കാന്‍ മടിച്ചില്ലെന്ന് മാത്രമല്ല, മോശമല്ലാത്ത രീതിയില്‍ പരിഹസിക്കുകയും ചെയ്തു. ഷോയുടെ രണ്ടാംഭാഗത്തെ സംബന്ധിച്ചായിരുന്നു വിശാല്‍ ചോദ്യം നേരിട്ടത്.

സീസണ്‍ 2 കല്യാണം കഴിച്ചിട്ട് ആരംഭിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഈ ഷോ സത്യസന്ധമായിരുന്നുവോ അല്ലെങ്കില്‍ മറ്റുള്ളവരെ കബളിപ്പിക്കുന്നതായിരുന്നോ എന്നൊന്നും എനിക്കറിയല്ല. ആര്യയുടെ മനസ്സില്‍ എത്രത്തോളം സത്യമുണ്ടായിരുന്നു എന്നും എനിക്കറിയില്ല.

അതിന് ഉത്തരം പറയേണ്ടത് ആര്യയാണ്. ഞാന്‍ അല്ല. വിശാല്‍ പറഞ്ഞു. ഇത്തരത്തിലുള്ള ഷോയിലൂടെ വധുവിനെ കണ്ടെത്തുമോ എന്ന ചോദ്യത്തിന് തനിക്കതിന് സമയമില്ല എന്നാണ് വിശാല്‍ നല്‍കിയ മറുപടി.

 

Related posts