ശാസ്താംകോട്ട: സഹകരണസംഘത്തിന്റെ മറവിൽ കോടികളുടെ നിക്ഷേപതട്ടിപ്പ് നടത്തിയ കോൺഗ്രസ് വനിതാനേതാവിനെതിരെ കൂടുതൽ പേർ പരാതിയുമായി രംഗത്ത്. കെപിസിസി മുൻ നിർവാഹക സമിതി അംഗം എ.വിശാലാക്ഷിയെയാണ് ഇന്നലെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തത്.
ചക്കുവള്ളി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കുന്നത്തൂർ താലൂക്ക് റസിഡൻഷ്യൽ സഹകരണത്തിന്റെ പ്രസിഡന്റായിരുന്നു വിശാലാക്ഷി. ഇവരെ കൂടാതെ ഭർത്താവ് ഗിരീഷ് ദാസ്, സെക്രട്ടറി നൂറനാട് സ്വദേശിനി അനിതകുമാരി എന്നിവരും പ്രതികളാണ്. സെക്രട്ടറിയും വൻതുക നിക്ഷേപിച്ചശേഷമാണ് ജോലിയിൽ പ്രവേശിച്ചത്. ഇവരുടെയും പണം നഷ്ടപ്പെട്ടതായാണ് പോലീസ് പറയുന്നത്. അതേസമയം വിശാലാക്ഷിയുടെ ഭർത്താവ് ഗിരീഷ് ദാസ് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
കല്യാണത്തിനും മക്കളുടെ പഠനത്തിനും വീട് നിർമാണത്തിനും മറ്റുമായി പണം മറ്റ് ബാങ്കുകളിൽ നിക്ഷേപിച്ചിരുവരെ സ്വാധീനിച്ച് പണം പിൻവലിപ്പിച്ചാണ് വിശാലാക്ഷി സംഘത്തിൽ നിക്ഷേപിപ്പിച്ചുവന്നത്. നിക്ഷേപതുക തിരിച്ചുനൽകാതെയും ലേലചിട്ടിയിൽ ചേർന്നവർക്ക് ചിട്ടിപിടിച്ച പണം തിരികെനൽകാതെയും വന്നതോടെയാണ് സംഘത്തിനെതിരെ പരാതിയുമായി ഇടപാടുകാർ രംഗത്തുവന്നത്. ലക്ഷങ്ങളുടെ നിക്ഷേപം വാങ്ങി സഹകരണസംഘത്തിൽ ജീവനക്കാരെ നിയമിച്ചിരുന്നു. 450ഓളം പേരാണ് നിലവിൽ പരാതിക്കാരായി രംഗത്തുള്ളത്.
പരാതിക്കാരുടെ എണ്ണം ഇനിയും കൂടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. സംഘത്തിൽ നിക്ഷേപം സ്വീകരിച്ചശേഷം വ്യാജ രേഖകൾ ചമച്ച് പണം പിൻവലിച്ചതായാണ് വിവരം. മറ്റുള്ളവരുടെ പേരിൽ ലോണായി തരപ്പെടുത്തിയാണ് കൂടുതൽ പണവും പിൻവലിച്ചിട്ടുള്ളത്. ലോണെടുത്തവരുടെ രേഖകൾ പോലീസ് ഇന്നലെമുതൽ പരിശോധിച്ചുവരികയാണ്. കൂടുതൽ രേഖകൾ പരിശോധിക്കാനുണ്ട്. ഇവർക്ക് സഹായം ചെയ്തു കൊടുത്തിട്ടുള്ളവരെയും പ്രതികളാക്കി കേസെടുക്കാനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്.
സഹകരണസംഘം ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ കോടികളുടെ ക്രമക്കേട് നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഉയർന്ന പലിശ വാഗ്ദാനം ചെയ്തും മറ്റും കൂടുതൽ തുക സംഘത്തിൽ നിക്ഷേപിപ്പിക്കാൻ പ്രസിഡന്റിന് കഴിഞ്ഞിരുന്നു. തട്ടിപ്പിനിരയായവരിൽ പലരും അഞ്ചുലക്ഷത്തിൽ കൂടുതൽ തുക നഷ്ടപ്പെട്ടവരാണ്. ക്രമക്കേട് കണ്ടതിനെതുടർന്ന് ഓഡിറ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഇടപാടുകാരെ വിളിച്ചുവരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് പലരും തട്ടിപ്പിനിരയായതായി അറിയുന്നത്.ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തിലാണ് വിശാലാക്ഷിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ഇനി കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ വ്യക്തമാകും.