കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ചിങ്ങവനത്തും പാലായിലും വൻ തട്ടിപ്പ്. ചിങ്ങവനത്ത് ഏഴു പേരിൽ നിന്നായി ഒൻപത് ലക്ഷവും പാലായിൽ ഒരാളിൽ നിന്ന് അഞ്ചര ലക്ഷവും തട്ടിയെടുത്തുവെന്നാണ് പരാതി. രണ്ടിടത്തും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ചിങ്ങവനം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഏഴു പേരാണ് പരാതി നല്കിയി്ടുള്ളത്. പോളണ്ടിൽ ജോലി വാഗ്ദാനംചെയത് ചങ്ങനാശേരി സ്വദേശി മാർട്ടിൻ ജോസഫ് എന്നയാൾ പലതവണയായി ഒൻപത് ലക്ഷത്തിൽപരം രൂപ വാങ്ങിയെന്നാണ് പരാതി. ഇത്തിത്താനം സ്വദേശി മനുമാത്യു എന്നയാളുടെ മൊഴിയെടുത്താണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
പാലായിൽ കുവൈറ്റിൽ നഴ്സ് ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ഇടനാട് സ്വദേശിയാണ് വേളൂർ സ്വദേശി അഖിലേഷ് എന്നയാൾക്കെതിരേ പരാതി നല്കിയത്. നിരവധി പേരിൽ നിന്നായി വൻ തുക തട്ടിയെടുത്തുവെന്നാണ് സംശയിക്കപ്പെടുന്നത്. പാലാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.