ലണ്ടൻ: വിസ്ഡൻ ക്രിക്കറ്റേഴ്സ് അൽമനാക്കിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി, മുൻ താരങ്ങളായ കപിൽ ദേവ്, സച്ചിൻ തെണ്ടുൽക്കർ എന്നിവർ ഇടംപിടിച്ചു. 2010 മുതൽ 2020 വരെയുള്ള ദശകത്തിലെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റ് താരമായതു വിരാട് കോഹ്ലിയാണ്.
കഴിഞ്ഞ പതിറ്റാണ്ടിൽ ഏകദിനത്തിൽ 60+ ശരാശരിയോടെ 11,000ൽ അധികം റണ്‍സ് നേടിയ കോഹ്ലി 42 സെഞ്ചുറിയും സ്വന്തമാക്കി. ഐസിസിയുടെ ദശാബ്ദത്തിലെ മികച്ച താരം, ദശാബ്ദത്തിലെ മികച്ച ഏകദിന താരം എന്നീ നേട്ടം ഈ വർഷം കോഹ്ലിയെ തേടിയെത്തിയിരുന്നു.
1980കളിലെ മികച്ച ഏകദിന താരമായതു കപിൽ ദേവാണ്. 1983ൽ കപിൽ നയിച്ച ഇന്ത്യൻ ടീം ഐസിസി ഏകദിന ലോകകപ്പ് നേടി. 1990കളിലെ മികച്ച ഏകദിന താരമായി സച്ചിൻ തെണ്ടുൽക്കറാണു തെരഞ്ഞെടുക്കപ്പെട്ടത്.
ഈ കാലഘട്ടത്തിലാണു സച്ചിൻ ഓപ്പണറായി ചുവടുറപ്പിച്ചത്. 1998ൽ ഒരു കലണ്ടർ വർഷത്തിൽ ഏകദിനത്തിൽ ഒന്‍പത് സെഞ്ചുറി നേടിയ സച്ചിന്റെ റിക്കാർഡ് തകർക്കാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല.
1970കളിലെ താരമായത് വെസ്റ്റ് ഇൻഡീസ് ഇതിഹാസം റിച്ചാർഡ്സ് ആണ്. 1979 ഐസിസി ലോകകപ്പ് ഫൈനലിൽ റിച്ചാർഡ് നേടിയ സെഞ്ചുറി ടീമിനെ രണ്ടാം കിരീടത്തിലെത്തിച്ചു. 2000-2010 ദശകത്തിലെ താരമായത് ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരനാണ്. ആ ദശകത്തിൽ 335 വിക്കറ്റുകൾ മുരളീധരൻ സ്വന്തമാക്കി.
ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഏകദിനം നടന്നതിന്റെ 50-ാം വാർഷികത്തിൽ 1971നും 2021നും ഇടയിലെ ഓരോ ദശാബ്ദങ്ങളിലെയും മികച്ച താരങ്ങളെയാണ് വിസ്ഡൻ തെരഞ്ഞെടുത്തത്.
അതേസമയം, 2020ലെ മികച്ച താരമായത് ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സ് ആണ്. വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ ജേസണ്‍ ഹോൾഡർ, പാക് താരം മുഹമ്മദ് റിസ്വാൻ, ഇംഗ്ലീഷ് യുവതാരങ്ങളായ ഡോം സിബ്ലി, സാക് ക്രൗളി എന്നിവരും പട്ടികയിൽ ഇടംപിടിച്ചു. ട്വന്റി-20 താരമായത് വിൻഡീസിന്റെ കിറോണ്‍ പൊള്ളാർഡാണ്. മികച്ച വനിതാ താരമായത് ഓസ്ട്രേലിയയുടെ ബെത് മൂണിയും.