അടിമാലി: വ്യാജ മദ്യം കഴിച്ച് മൂന്നു പേരെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹോം സ്റ്റേയിൽ വാറ്റുചാരായം തേനിൽ ചേർത്തു കഴിച്ചവരാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആയത്. ഹോം സ്റ്റേ ഉടമ ഉൾപ്പെടെയാണ് വ്യാജ ചാരായം കഴിച്ചത്.
കുഞ്ചിത്തണ്ണി ചിത്തിരപുരം ഡോബിപാലത്ത് പ്രവർത്തിക്കുന്ന മിസ്റ്റ് ഹോം സ്റ്റേ ഉടമ തങ്കപ്പൻ, ജീവനക്കാരൻ ജോബി, ഇവിടെ താമസത്തിനെത്തിയ തൃശൂർ സ്വദേശി മനോജ് എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവത്തിൽ പോലീസും എക്സൈസും അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രിയാണ് മൂന്നു പേരും ഹോം സ്റ്റേയിലിരുന്ന് മദ്യം കഴിച്ചത്.
മനോജ് എത്തിച്ച മദ്യമാണ് മൂവരും ചേർന്ന് തേനിൽ ചേർത്ത് കഴിച്ചതെന്ന് പറയപ്പെടുന്നു. ഇന്നലെ രാവിലെയാണ് തങ്കപ്പന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
തുടർന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഉച്ചയോടെ ജോബിക്കും ഛർദ്ദിയും അസ്വസ്ഥതകളുമുണ്ടായി. അവശ നിലയിലായ ജോബിയെ ഐസിയു ആംബുലൻസിൽ കോലഞ്ചേരി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പിന്നീട് അവശ നിലയിൽ കാണപ്പെട്ട മനോജിനെ അങ്കമാലി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളുടെ കാഴ്ചശ ക്തി നഷ്ടപ്പെട്ടതായി ഭാര്യ പോലീസി നോടു പറഞ്ഞു.
ഇവർക്ക് മദ്യം എവിടെ നിന്നാണ് ലഭിച്ചതെന്നും മറ്റുമുള്ള വിവരങ്ങൾ കൂടുതൽ അന്വേഷണത്തിലൂടെയെ വ്യക്തമാകുകയുള്ളെന്ന് പോലീസ് പറഞ്ഞു.
മൂവരെയും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നതിനാൽ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.