സ്വന്തം ലേഖകൻ
കൊല്ലം: രാസപദാർഥങ്ങൾ കലർത്തിയ മത്സ്യവിൽപ്പന ജില്ലയിൽ വ്യാപകമാകുന്നു. ഹോട്ടലുകളിലും തട്ടുകടകളിലും വരെ പരിശോധന നടത്തുന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഹെൽത്ത് സ്ക്വാഡുകളും ഫുഡ്സേഫ്റ്റി അധികൃതരും മത്സ്യമാർക്കറ്റുകളിൽ പരിശോധനകൾ കാര്യമായി നടത്താത്തതാണ് മായം കലർന്ന മത്സ്യം വിൽക്കുന്നത് വ്യാപകമാകാനുള്ള പ്രധാന കാരണം.
കഴിഞ്ഞ ദിവസം ചന്ദനത്തോപ്പിന് സമീപം മാമൂട്ടിൽ റോഡരികിൽ മത്സ്യം വിൽക്കുന്നിടത്ത് നിന്ന് 100 രൂപയുടെ അയില വാങ്ങിയ വ്യക്തി വീട്ടിലെത്തി ഇവ വെള്ളത്തിൽ ഇട്ടപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടി. നിമിഷനേരം കൊണ്ട് അയിലയുടെ നിറം നീലയായി. അത്ഭുതപ്പെട്ട വീട്ടുകാർ എന്തായാലും അയില കറിവയ്ക്കാതെ ഉപേക്ഷിച്ചു.
വിവരം ഫുഡ്സേഫ്റ്റി ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. എന്നാൽ കാര്യമായ പരിശോധനകൾ അവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നാണ് വിവരം. ഇത്തരത്തിലുള്ള മായം കലർന്ന മത്സ്യങ്ങൾ ജില്ലയിലുടനീളം വിറ്റഴിക്കുന്നുണ്ട്. ഇതിന് പിന്നിൽ ഇടനിലക്കാരുടെ വൻ ലോബി പ്രവർത്തിക്കുന്നതായാണ് സൂചനകൾ.
അയില, മത്തി, ചൂര, നെത്തോലി, കൊഞ്ച്, ഞണ്ട് തുടങ്ങി സാധാരണക്കാർ കൂടുതലായി ഉപയോഗിക്കുന്ന മത്സ്യങ്ങളിലാണ് നല്ലരീതിയിൽ മായം കലർത്തി വിൽക്കുന്നത്. കൊല്ലം ജില്ലയിലെ കടലിൽ നിന്ന് ഇപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് ഇപ്പോൾ കാര്യമായി മത്സ്യം ലഭിക്കുന്നില്ല. കനത്ത കടൽക്കാറ്റാണ് മത്സ്യലഭ്യത കുറവിന് കാരണമായി തൊഴിലാളികൾ പറയുന്നത്. ലഭിക്കുന്ന മത്സ്യത്തിന് തീവിലയുമാണ്. ഇത് മുതലാക്കിയാണ് അന്യ സംസ്ഥാന മത്സ്യലോബികൾ ഇവിടേയ്ക്ക് മത്സ്യം എത്തിക്കുന്നത്.
ഇത് ജില്ലയിൽ വിറ്റഴിക്കാനും ചെറുകിട വ്യാപാരികൾക്ക് എത്തിക്കാനും നിരവധി ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. അർധരാത്രകിയോടെയാണ് ഇത്തരം മീനുകൾ എത്തുന്ന കേന്ദ്രങ്ങൾ സജീവമാകുന്നത്. കുറഞ്ഞ വിലയ്ക്ക് മീൻ കിട്ടും എന്നത് മാത്രമല്ല വൻ ലാഭത്തിൽ വിൽക്കാൻ കഴിയുമെന്നതിനാൽ ഇത്തരം കേന്ദ്രങ്ങളെ ആശ്രയിക്കുന്ന ചെറുകിട വ്യാപാരികൾ ഏറെയാണ്.
മാത്രമല്ല പ്രധാനപ്പെട്ട മാർക്കറ്റുകളിൽ കരാർ വ്യവസ്ഥയിൽ ഇത്തരം മായം കലർന്ന മത്സ്യം എത്തിക്കുന്നവരുമുണ്ട്. വിൽപ്പന നടത്തി ലാഭവും എടുത്തശേഷം പണം നൽകിയാല് മതി എന്നാണ് ഇടനിലക്കാരുടെ വ്യവസ്ഥ. ആയിരക്കണക്കിന് ചെറുകിട കച്ചവടക്കാരാണ് ഇവരുടെ പ്രലോഭനത്തിൽപ്പെട്ട് മായം കലർന്ന മത്സ്യം വിൽക്കുന്നത്.
രാസപദാർഥം ചേർത്ത മീനുകൾ തിരിച്ചറിയുക ഏറെ ദുഷ്കരമാണ്. ഫ്രഷ് മത്സ്യത്തെക്കൾ കൂടുതൽ ഫ്രഷ് ആയി ഇവ തോന്നും. ഇതിനായി മാഫിയ വെളുത്ത പൊടിയാണ് വിതറുന്നതെന്ന് പരന്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു. 24 മണിക്കൂർ വരെ ഇത്തരം പൊടികളുടെ ഇഫക്ട് ഉണ്ടാകും. ഇങ്ങനെയുള്ളവ ഒറ്റനോട്ടത്തിൽ കണ്ടാൽ ഫ്രഷ് മീൻ പോലും തോറ്റുപോകും.
മംഗലാപുരത്ത് നിന്നും തൂത്തുക്കുടിയിൽ നിന്നും ദിവസവും രാത്രിയുടെ മറവിൽ ഇത്തരത്തിലുള്ള മത്സ്യവുമായി നൂറുകണക്കിന് വാഹനങ്ങളാണ് ജില്ലയിൽ എത്തുന്നത്. ചെക്ക് പോസ്റ്റുകളിൽ ഒന്നും കാര്യമായ പരിശോധനകൾ ഒന്നും നടക്കാറില്ല. അത്രയ്ക്ക് സ്വാധീനമാണ് ഈ ലോബിക്കുള്ളത്.
മായം കലർത്തിയ മത്സ്യങ്ങൾ ഇപ്പോൾ ട്രെയിൻമാർഗവും കൊല്ലത്ത് എത്തുന്നുണ്ട്. ട്രെയിനിൽ കൊല്ലത്ത് ഇവ എത്തിയാലുടൻ പരിശോധനകൾ ഒന്നും കൂടാതെ സെക്കൻഡുകൾക്കുള്ളിൽ പുറത്ത് എത്തിക്കാനുള്ള ഗ്രീന് ചാനൽ സൗകര്യങ്ങളും മത്സ്യലോബിക്കുണ്ട്. റെയിൽവേയുടെ ചില ഉദ്യോഗസ്ഥരുടെ മൗനാനുവാദവും ഇതിന് പിന്നിലുണ്ട്.
നാടൻ മത്സ്യങ്ങൾ മാത്രം ലഭിക്കുന്ന കേന്ദ്രങ്ങളിൽ പോലും ഈ ലോബിയുടെ പ്രവർത്തനം സജീവമാണ്. നാടൻ മത്സ്യം എന്ന വ്യാജേനെ മായം കലർന്ന മത്സ്യം ഇത്തരത്തിൽ കാര്യമായി വിറ്റഴിക്കുന്ന സംഘങ്ങളും ഉണ്ട്. ഇവരെ എതിർക്കാനോ നിരുൽസാഹപ്പെടുത്താനോ പോലും കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുളളതെന്ന് പരന്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നത്.
നേരത്തേ മത്സ്യം കേടാകാതെ സൂക്ഷിക്കാൻ ഐസ് ആണ് ഉപയോഗിച്ചിരുന്നത്. മത്സ്യബന്ധന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഐസ് പ്ലാന്റുകളും പ്രവർത്തിച്ചിരുന്നു, ഇപ്പോൾ രാസവസ്തു ചേർത്ത ഐസും മീൻ കേടാവാതെയിരിക്കാൻ ഉപയോഗിക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന വിവരം.