പുതുക്കാട്: കണ്ണംന്പത്തൂരിൽ അന്പതിലേറെ പേർക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് തൃക്കൂർ പഞ്ചായത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ലൈസൻസ് ഇല്ലാതെ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന പഞ്ചായത്തിലെ ആറ് കാറ്ററിംഗ് സ്ഥാപനങ്ങൾ അധികൃതർ പൂട്ടിച്ചു. ഇവരിൽ നിന്ന് പിഴ ഈടാക്കാനും തീരുമാനിച്ചു.
പുതുക്കാട് ഭക്ഷ്യവിഷബാധക്ക് ഇടയാക്കിയ തൃക്കൂരിലെ രണ്ട ു കാറ്ററിംഗ് സ്ഥാപനങ്ങൾ കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് അടച്ചു പൂട്ടിച്ചിരുന്നു. പഞ്ചായത്തിലെ ഭൂരിഭാഗം ഭക്ഷണ വിതരണ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണെന്ന് അധികൃതർ അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുവാനും അധികൃതർ നിർദേശിച്ചു.
ആരോഗ്യ വകുപ്പിന്റെ പരിശോധനയെ തുടർന്ന് തൃക്കൂർ പഞ്ചായത്തിൽ അവലോകനയോഗം ചേർന്നു. വൈസ് പ്രസിഡന്റ് കെ.സി. സന്തോഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോ. ഷീന വാസു, ഹെൽത്ത് ഇൻസ്പെക്ടർ പി.വി. സജി, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
പഞ്ചായത്തിലെ എല്ലാ കാറ്ററിംഗ് സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ഭക്ഷണ വിതരണ സ്ഥാപനങ്ങൾ, ബേക്കറികൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കുവാനും യോഗത്തിൽ തീരുമാനമായി. തുടർദിവസങ്ങളിൽ ബോധവത്കരണ ക്ലാസ് നടത്തുവാനും യോഗത്തിൽ ധാരണയായി.