അഞ്ചല്‍: ശാസ്താംകോട്ടയില്‍ വിസ്മയ എന്ന 24 കാരിയെ ദുരൂഹ സാഹചര്യത്തില്‍ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പ് മുൻഉദ്യോഗസ്ഥനുമായ കിരണ്‍കുമാറിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പോലീസ്.
കിരണ്‍ കുമാര്‍ വീഡിയോ ഗെയിമുകൾക്ക് അടിമയായിരുന്നുവെന്നും വീഡിയോ ഗെയിം ആപ്ലിക്കേഷനുകള്‍ ഇയാള്‍ എപ്പോഴും ഉപയോഗിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ശാസ്ത്രീയ തെളിവ് ശേഖരണത്തിനായി കിരണ്‍കുമാര്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ വിദഗ്ധ സംഘം പരിശോധിച്ചതില്‍ നിന്നുമാണ് ഇത്തരം കാര്യങ്ങള്‍ മനസിലാക്കിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഇതോടെ മാനസികാരോഗ്യ, സാങ്കേതിക, ശാസ്ത്രീയ വിദഗ്ധരുടെ സഹായവും അന്വേഷണസംഘം തേടുന്നുണ്ട്. അതേസമയം കിരണിനെ മാനസിക രോഗിയാക്കി ചിത്രീകരിച്ച് കേസില്‍ നിന്നും രക്ഷപെടുത്താനുള്ള ശ്രമം നടത്തുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പരമാവധി തെളിവുകള്‍ ശേഖരിച്ചുകൊണ്ട് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
നിലവിൽ കൊറോണ ബാധിതനായി നെയ്യാറ്റിൻകര സബ് ജയിലിൽ കഴിയുന്ന കിരണിനെ നെഗറ്റീവാകുമ്പോൾ വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങും.
കഴിഞ്ഞ ദിവസം ശാസ്താംകോട്ട കോടതിയില്‍ കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷയില്‍ വാദം കേട്ട ശേഷം വിധിപറയാന്‍ മാറ്റിയിരുന്നു. കിരണിന് ജാമ്യം അനുവദിച്ചാല്‍ തെളിവ് നശിപ്പിക്കപ്പെടുമെന്ന് അന്വേഷണ സംഘം കോടതിയില്‍ വാദിച്ചിരുന്നു.