ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ്ങുന്നു. കങ്കണ റണൗത്ത് സംവിധാനം ചെയ്ത ഹിന്ദിചിത്രം എമര്‍ജന്‍സിയില്‍ വിശാഖിനു സഞ്ജയ്ഗാന്ധിയുടെ വേഷം. തിയറ്ററുകളിലെത്തുന്ന എല്‍എല്‍ബി, ശലമോന് എന്നിവയിലും ശ്രദ്ധേയവേഷങ്ങള്‍. യഷ്രാജ് ഫിലിംസിന്റെ വെബ്സീരിസിൽ നിർണായക വേഷം. ‘കുപ്പി’യുമായി ഒരു സാമ്യവുമില്ലാത്ത ഒരുപിടി കഥാപാത്രങ്ങൾ. മലയാളത്തില്‍നിന്നു വിട്ടുനിന്നപ്പോള്‍ ആഗ്രഹിച്ചതുപോലെ ഫ്രഷായി തിരിച്ചുവരവ്. വിശാഖ് രാഷ്ട്ര ദീപികയോടു സംസാരിക്കുന്നു.
ഇടവേളയില്‍…
കുപ്പിയെന്ന പേര് ഒരേ സമയം ഭാഗ്യവും ബാധ്യതയുമാണ്. കുപ്പി ഹിറ്റായെങ്കിലും പിന്നീടു വന്ന കഥാപാത്രങ്ങളൊക്കെ ഏകദേശം ഒരേ ടൈപ്പായി. അത്തരം കഥാപാത്രങ്ങള്‍ മാത്രമേ ഇയാളെക്കൊണ്ടു പറ്റൂ എന്ന ചിന്ത ഫിലിം മേക്കേഴ്സില്‍ ഉണ്ടാവാം. എന്നാല്‍, അതു മാത്രമല്ല വേറെ ടൈപ്പ് കഥാപാത്രങ്ങളും എന്നില്‍നിന്നു പ്രതീക്ഷിക്കാമെന്ന ചിന്ത അവര്‍ക്കു കൊടുക്കണം. കുറച്ചൊന്നു മാറിനിന്നാല്‍ ഫ്രഷായി വരാമെന്നു കരുതി.
ആ സമയം ആനന്ദം സംവിധാനം ചെയ്ത ഗണേഷ് രാജും ഞാനും കൊച്ചിയില്‍ മീഡിയ പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങി. കുറെ പരസ്യങ്ങളും മ്യൂസിക് വീഡിയോസും ചെയ്തു. അതിനിടെ ഹൃദയത്തില്‍ കാസ്റ്റിംഗ് ഡയറക്ടറായി. ഹൃദയത്തിലും ഡിയര്‍ ഫ്രണ്ടിലും അഞ്ജലി മേനോന്റെ വണ്ടര്‍ വിമനിലും കാമിയോ വേഷങ്ങള്‍. ഓഡിഷനിലൂടെ സബാഷ് മേട്ടു, തേജസ് എന്നീ ഹിന്ദി സിനിമകളിലുമെത്തി. കോവിഡിനുശേഷം ഏറെ എക്സൈറ്റിംഗായ വേഷങ്ങളുടെ വരവായി.
എക്സിറ്റ്
ഒരു മനയില്‍ 25 വര്‍ഷമായി പൂട്ടിയിടപ്പെട്ട ഒരു ഭ്രാന്തന് – ഷഹീന് സംവിധാനം ചെയ്ത എക്സിറ്റില്‍ അതാണ് എന്റെ കഥാപാത്രം. കരിയറില്‍ ഒരിക്കലോ മറ്റോ കിട്ടുന്ന വേഷം. ആ മനയിലെ നിധി തട്ടിയെടുക്കാന്‍ മൂന്നാലു കൗമാരക്കാര്‍ വരികയും അവിടെ അകപ്പെടുകയും ചെയ്യുന്നു. അക്രമാസക്തനാ യ അയാൾ ഇവരെ ഒന്നൊന്നായി വേട്ടയാടാന്‍ ഒരുമ്പെടുന്നു.
മനുഷ്യരുമായി യാതൊരു ബന്ധവുമില്ലാത്തയാള്. മൃഗസമാന സ്വഭാവം. ഭാഷയറിയില്ല. നടത്തം നാലു കാലില്‍! ഇങ്ങനെയൊരാള്‍ എങ്ങനെയാവും ആശയവിനിമയം നടത്തുക എന്നതു സംബന്ധിച്ചു ഭാഷാവിദഗ്ധരുമായി സംസാരിച്ചു സ്വരങ്ങള്‍ ചേര്‍ത്തു പുതിയ ഭാഷ പോലെയൊന്നു രൂപപ്പെടുത്തി.
കാലിലും കൈയിലും ചങ്ങലയുമായി ഒരാള്‍ അതിന്റെ ഭാരവും സഹിച്ച് എങ്ങനെ നാലു കാലില്‍ ഇരിക്കുകയും നടക്കുകയും ഓടുകയും കിടക്കുകയും ചെയ്യും എന്നതു ചലഞ്ചായിരുന്നു. ഇങ്ങനെയൊരാള്‍ എങ്ങനെ അടികൂടും. അയാള്‍ക്കു പഞ്ചും കിക്കുമൊന്നുമില്ലല്ലോ. പലതവണ പരിക്കുപറ്റി. അത്രയും തീവ്രമായ ആക്ഷന്‍ സീക്വന്‍സുകളുണ്ട്. പക്ഷേ, ഷൂട്ടിനു മുന്നേ ബോഡി മൂവ്മെന്റില്‍ നേടിയ പരിശീലനം സഹായകമായി. ഒരേ സമയം മലയാളത്തിലും തമിഴിലും ഷൂട്ട് ചെയ്തു.
എല്‍എല്‍ബി
ബാച്ചിലേഴ്സിന്റെ ഒരു ജീവിതരേഖ അഥവാ ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്സ് – അതാണ് എല്‍എല്‍ബി. കോളജ് ലൈഫ് എന്നാല്‍ ക്ലാസില്‍ പോവുക മാത്രമല്ലല്ലോ. പുറത്തുള്ള പേഴ്സണല്‍ ലൈഫ് കൂടിയുണ്ടല്ലോ. അതാണ് സിനിമയുടെ പ്രധാന ഫോക്കസ്. ഞാനും ശ്രീനാഥ് ഭാസിയും അശ്വത്ലാലുമാണ് പ്രധാന വേഷങ്ങളില്‍. എല്‍എല്‍ബി വിദ്യാര്‍ഥികള്‍. ഭാസിയുടെ കഥാപാത്രം സിബിയും എന്റെ കഥാപാത്രം സല്‍മാനും കാസര്‍ഗോഡുനിന്നു കോഴിക്കോടു വന്നു പഠിക്കുന്നവരാണ്. ഭൂതകാലത്തില്‍നിന്ന് ഒരു ക്രൈം അവരെ തേടിയെത്തുന്നിടത്ത് ചിത്രം ത്രില്ലര്‍ മൂഡിലേക്കു മാറുന്നു. ഇന്‍വെസ്റ്റിഗേറ്റീവ് ആംഗിളുമുണ്ട്. കോഴിക്കോട് ഫറൂഖ് എസിപി എ.എം. സിദ്ധിക്കാണ് രചനയും സംവിധാനവും.
എമര്‍ജന്‍സി
അടിയന്തരാവസ്ഥയുടെ കഥപറയുന്ന രാഷ്ട്രീയചിത്രം മാത്രമല്ല എമര്‍ജന്‍സി. ഇന്ദിരാഗാന്ധിയുടെ കരിയര്‍ ബയോപിക് കൂടിയാണ്. ഇന്ദിര എങ്ങനെ പ്രധാനമന്ത്രിയായി, എങ്ങനെ എമര്‍ജന്‍സിയിലേക്കു പോയി എന്നൊക്കെയുള്ള യാത്ര. കഥ, സംവിധാനം, നിര്‍മാണം കങ്കണ റണൗത്ത്. ഇന്ദിരയായി വേഷമിടുന്നതും കങ്കണതന്നെ. തേജസില്‍ കങ്കണയ്ക്കൊപ്പം വര്‍ക്ക് ചെയ്തിരുന്നു.
എല്‍എല്‍ബിയുടെ ഷൂട്ടിനിടെയാണ് സഞ്ജയ്ഗാന്ധി എന്ന വേഷം എന്നിലേക്ക് എത്തിയത്. എമര്‍ജന്‍സിയിലെ നിഗൂഢതകളുള്ള വ്യക്തിത്വം. അഭിമുഖങ്ങൾ കൊടുത്തിട്ടില്ല. അദ്ദേഹം വാസ്തവത്തില്‍ എന്താണെന്ന് ആര്‍ക്കും അറിയില്ല. എഎഫ്പി ആര്ക്കൈവ്സില്നിന്നാണ് റഫറന്‍സിനു ഫുട്ടേജ് കിട്ടിയത്. ജാഥയിൽ പങ്കെടുത്തതിന്റെയും പൊതുയോഗങ്ങളില്‍ പ്രസംഗിക്കുന്നതിന്റെയും. പേഴ്സണല്‍ ഫൂട്ടേജ് എവിടെയുമില്ലായിരുന്നു. പ്രണാബ് മുഖര്‍ജിയുടെയും മറ്റും ലേഖനങ്ങളില്‍നിന്നാണ് അദ്ദേഹത്തെ അടുത്തറിഞ്ഞത്.
ഫുട്ടേജ്
കുമ്പളങ്ങി, വൈറസ്, മഹേഷിന്റെ പ്രതികാരം എന്നിവയുടെയൊക്കെ എഡിറ്റര്‍ സൈജു ശ്രീധരന് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണു ഫുട്ടേജ്. ഞാനും മഞ്ജു വാര്യരും ഗായത്രി അശോകുമാണ് പ്രധാന വേഷങ്ങളില്‍. കഥയില്‍ ഞാനും ഗേള്‍ഫ്രണ്ടും വ്ളോഗേഴ്സാണ്. ഞങ്ങള്‍ ജീവിതം ഷൂട്ട് ചെയ്യുന്നു. ആ ഷൂട്ട് ചെയ്യുന്ന ഫുട്ടേജാണ് പിന്നീടു സിനിമയായി പ്രേക്ഷകര്‍ കാണുന്നത്. ഫൗണ്ട് ഫുട്ടേജ് സിനിമയാണിത്. കോ പ്രൊഡ്യൂസ് ചെയ്തതു മഞ്ജു വാര്യര്‍. ഇതില്‍ മഞ്ജുവിന്റെ കഥാപാത്രത്തിനു വളരെ വേറിട്ട ലുക്കാണ്.
ഹിന്ദി വെബ് സീരീസ്
യഷ്രാജ് ഫിലിംസിന്റെ വെബ്സീരീസ് ചെയ്യാൻ കരാറായി. അതിന്റെ ഷൂട്ടിംഗ് തുടരുന്നു. ജിതിന് പദ്മനാഭന്റെ ശലമോൻ റിലീസിനൊരുങ്ങുന്നു. അതു കോമഡി ഫിലിമാണ്. അടുത്ത വര്‍ഷം ഒരു സിനിമ സംവിധാനം ചെയ്യാനാകുമെന്നാണു പ്രതീക്ഷ. അതിന്റെ തിരക്കഥ പൂര്‍ത്തിയായി.