മുംബൈ: നിരന്തരമായി ഫോണിൽ അശ്ലീല വിഡിയോകൾ കണ്ട് സ്കൂളിലെത്തി പെൺകുട്ടികളെ ശല്യം ചെയ്ത മകനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. വിജയ് ഭാട്ടു ആണ് അറസ്റ്റിലായത്.
ജനുവരി 13ന് സോലാപുരിലെ പോലീസ് സ്റ്റേഷനിൽ മകൻ വിശാലിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പരാതി നൽകി. അന്വേഷണത്തിനൊടുവിൽ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് പരാതിക്കാരെ അറിയിച്ചു.
മൃതദേഹം കാണാതായ തങ്ങളുടെ മകൻ വിശാലിന്റേതാണെന്ന് വീട്ടുകാർ തിരിച്ചറിയുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനു വേണ്ടി അയയ്ക്കുകയും ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽ ചെന്നാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തി.
തുടർന്ന് കേസ് റജിസ്റ്റർ ചെയ്ത പോലീസ് വിശാലിന്റെ വീട്ടുകാരെ ചോദ്യം ചെയ്തു. ചോദ്യംചെയ്യലിനിടെ കുട്ടിയുടെ പിതാവായ വിജയ് പൊട്ടിക്കരയുകയും കുറ്റം സമ്മതിക്കുകയും ചെയ്തു.
പഠനത്തിൽ തന്റെ മകൻ എല്ലാ കുട്ടികളേക്കാൾ പിന്നിലാണെന്നും. സ്കൂളിലേക്ക് അധ്യാപകർ നിരന്തരം വിളിപ്പിക്കുമായിരുന്നു. മാത്രമല്ല നിരന്തരം ഫോണിൽ അശ്ലീല വിഡിയോകൾ കാണുകയും സ്കൂളിലെത്തി പെൺകുട്ടികളെ ശല്യം ചെയ്യുകയും ചെയ്തിരുന്നു. വിശാലിനോട് തെറ്റ് തിരുത്തി മുന്നോട്ട് പോകാൻ എത്ര പറഞ്ഞിട്ടും അതൊന്നും അനുസരിച്ചില്ല. സഹികെട്ടാണ് മകനെ കൊന്നതെന്ന് വിജയ് മൊഴി നൽകി.
ജനുവരി 13ന് മകനെ വിജയ് ഇരുചക്രവാഹനത്തിൽ തുൽജാപുർ റോഡിലേക്ക് കൂട്ടിക്കൊണ്ടു പോയി.അവിടെ ഒരു കടയിൽനിന്ന് ശീതളപാനീയം വാങ്ങി അതിൽ വിഷം കലർത്തിയാണ് വിശാലിനു നൽകിയെന്ന് പോലീസ് പറഞ്ഞു. വിഷം ഉള്ളിൽചെന്നയുടനെ വിശാൽ കുഴഞ്ഞു വീണു. വിജയ് തിരികെ വീട്ടിലേക്കും പോയി. തുടർന്ന് അന്ന് വൈകിട്ടു തന്നെയാണ് വിജയ്യും ഭാര്യയും കൂടി പോലീസ് സ്റ്റേഷനിൽ മകനെ കാണാനില്ലെന്ന് പരാതി നൽകിയതെന്നും പോലീസ് കൂട്ടിച്ചേർത്തു.