ചെന്നൈ: മെർസൽ സിനിമാ വിവാദത്തിൽ ബിജെപി നേതാവിനെ വിമർശിച്ചതിനു പിന്നാലെ തമിഴ് നടൻ വിശാലിന്റെ ഓഫീസിൽ ജിഎസ്ടി ഇന്റലിജൻസ് ഏജൻസിയുടെ റെയ്ഡ്. വിശാലിന്റെ ഉടമസ്ഥതയിലുള്ള വിശാൽ ഫിലിം പ്രൊഡക്ഷൻ കന്പനി എന്ന നിർമാണ കന്പനിയിലാണ് തിങ്കളാഴ്ച ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്.
വിശാൽ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡെന്നാണ് ജിഎസ്ടി ഇന്റലിജൻസ് ഏജൻസിയുടെ വാദം. വടപളനിയിലെ ഓഫീസിൽ റെയ്ഡ് നടത്തിയ സംഘത്തിൽ നാലു മുതിർന്ന ഉദ്യോഗസ്ഥരാണുണ്ടായിരുന്നത്. എന്നാൽ രേഖകളിൽ ക്രമക്കേടുണ്ടോ എന്നു വ്യക്തമാക്കാൻ ഉദ്യോഗസ്ഥർ തയാറായില്ല. അതേസമയം, വിശാൽ ജിഎസ്ടി സംബന്ധിച്ച രേഖകളെല്ലാം ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചതായി തമിഴ് ചാനലുകൾ റിപ്പോർട്ട് ചെയ്തു.
നേരത്തെ, റിലീസ് ചെയ്ത വിജയ് ചിത്രം മെർസൽ താൻ ഇന്റർനെറ്റിലാണ് കണ്ടതെന്ന ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ പ്രസ്താവനയ്ക്കെതിരേ വിശാൽ രംഗത്തെത്തിയിരുന്നു. റിലീസ് ചെയ്ത ചിത്രത്തിന്റെ വ്യാജ പതിപ്പ് നിയമ വിരുദ്ധമായി ഏതോ വെബ്സൈറ്റിൽ കണ്ടെന്നു പറയാൻ നിങ്ങൾക്കു നാണമില്ലേ എന്ന് വിശാൽ ചോദിച്ചു. ചെയ്ത തെറ്റിന് നിരുപാധികമായി രാജ മാപ്പു പറയണമെന്നും വിശാൽ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ഓഫീസിലെ റെയ്ഡ്.
അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘത്തിന്റെ സെക്രട്ടറിയും നിർമാതാക്കളുടെ സംഘടനയായ തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിൽ പ്രസിഡന്റുമാണ് വിശാൽ.