കെപിസിസി നിര്‍വാഹക സമിതി അംഗ, നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി. ആവശ്യത്തിന് സൗന്ദര്യവും ആരെയും മയക്കുന്ന വാക്ചാതുര്യവും. കൊല്ലത്ത് പോലീസ് പിടികൂടിയ തട്ടിപ്പുകാരി വിശാലാക്ഷിയുടെ സമൂഹത്തിലുള്ള സ്വാധീനമാണ് പറഞ്ഞുവരുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ ആരംഭകാലത്ത് കുന്നത്തൂര്‍ താലൂക്ക് റസിഡന്റസ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് രൂപം നല്‍കിയാണ് വിശാലാക്ഷി രാഷ്ട്രീയത്തിനൊപ്പം നല്ലൊരു സഹകരണപ്രസ്ഥാന നേതാവ് എന്ന നിലയിലേക്കുയര്‍ന്നത്.
തുടക്കം മുതല്‍ ഉടനീളം തട്ടിപ്പായിരുന്നു ലക്ഷ്യമിട്ടത്. സൊസൈറ്റിയുടെ രജിസ്ട്രേഷന് നടപടികള്‍ പൂര്ത്തിയായെതോടെ സ്വയം പ്രസിഡന്റായി.നൂറു രൂപ മുതല്‍ ആയിരത്തിന്റെ വരെ ഓഹരികള്‍ സമാഹരിച്ചു. ജോലി നല്‍കാമെന്ന വാഗ്ദാനത്തില്‍ പലരില്‍ നിന്നും വന്‍ തുക നിക്ഷേപവും സ്വീകരിച്ചു. സമ്പാദ്യ ശീലം മുന്‍നിറുത്തിയും, ചോദിക്കുന്നത് ഭരണത്തില്‍ സ്വാധീനമുള്ള ആളായതിനാലും എങ്ങനെ പറ്റില്ല എന്നു പറയും എന്ന് വിചാരിച്ചും വന്‍ തുക നിക്ഷേപിച്ചവര്‍ വേറെയും. രണ്ടു വര്‍ഷം മുമ്പ് അടച്ചു പൂട്ടിയ സൊസൈറ്റിയില്‍ തൊഴില്‍ മോഹവുമായി പണം നിക്ഷേപിച്ച പലരും ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. സ്ഥാപനം പൊളിയുന്നത് മണത്തറിഞ്ഞ് സമ്മര്‍ദ്ദം ചെലുത്തിയും കാലു പിടിച്ചും നിക്ഷേപം ഭാഗികമായെങ്കിലും തിരികെ കിട്ടിയവരുണ്ട്.
വിശാലാക്ഷിയുടെ ഭര്‍ത്താവ് ഗിരീഷ് ദാസ് അഭിഭാഷകനാണ്. ഇവര്‍ രേഖാമൂലം വിവാഹം ചെയ്തിട്ടില്ലെന്നും ഇരുവരും കുറെ നാളായി ഒന്നിച്ചു കഴിയുകയാണെന്നുമാണ് പോലീസ് പറയുന്നത്. ഇവര്‍ക്ക് കുട്ടികളില്ല. ഗിരീഷ് ദാസും കേസില്‍ പ്രതിയാണ്. ഗിരീഷ് ദാസ് നെയ്യാറ്റിന്‍കരയില്‍ ഒളിവില്‍ നിന്നുകൊണ്ടു മുന്‍കൂര്‍ ജാമ്യത്തിനും എഫ്ഐആര്‍ റദ്ദ് ചെയ്യുന്നതിനുമുള്ള കരുക്കള്‍ നീക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. നേരത്തെ വിശാലാക്ഷി അറസ്റ്റ് ഒഴിവാക്കുന്നതിനായി ഹൈക്കോടതിയെ പല ഘട്ടങ്ങളില്‍ സമീപിച്ചെങ്കിലും അനുകൂല വിധി സമ്പാദിക്കാനായില്ല.
ഇതുവരെ മൂന്നു കോടിയുടെ വായ്പാ തട്ടിപ്പാണ് കണ്ടെത്തിയത്. ഏകദേശം 400 പേരെങ്കിലും കബളിപ്പിക്കപ്പെട്ടെന്നാണ് വിവരം. ഇനിയും കൂടുതല്‍ പേര് തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കില്‍ അവര്‍ പൊലീസിനെ സമീപിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ക്രൈംബ്രാഞ്ച് നോട്ടീസ് ഇറക്കിയിട്ടുണ്ട്. കുന്നത്തൂരില്‍ ക്രൈംബ്രാഞ്ച് ക്യാമ്പ് ഓഫീസ് തുറന്ന് ഇതിനായി കാത്തിരിക്കുകയാണ്. ഇടയ്ക്കാട് ദേവഗിരിയില്‍ 25 ലക്ഷം മുടക്കി വീടു വെച്ചു.ഇടക്കാലത്ത് ക്ഷീര കര്‍ഷകയുടെ റോളില്‍ പശു വളര്‍ത്തല്‍ കേന്ദ്രം വിജയകരമായി കൊണ്ടു പോയെങ്കിലും വഴിയില്‍ ഉപേക്ഷിച്ചു. കുറെ നാള് മുമ്പ് വാങ്ങിയ കാര്‍ ഇപ്പോള്‍ കൈവശമില്ല.സൊസൈറ്റിയില്‍ നിന്ന് കൈവശപ്പെടുത്തിയ പണം കണ്ടെത്താന്‍ സഹകരണ ഡിപ്പാര്‍ട്ട്മെന്റ് നേരത്തെ ശൂരനാട് പോലീസില്‍ നല്കിയ പരാതിയില്‍ അന്വേഷണം നടന്നെങ്കിലും കേസ് പിന്നീട് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഏറ്റെടുത്തു.