വെള്ളമുണ്ട: മദ്യം കഴിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചതായി സംശയം. വെള്ളമുണ്ട വാരാന്പറ്റ കൊട്ടാരക്കുന്ന് കൊച്ചാറ പട്ടികജാതി കോളനിയിലെ തിക്നായി(65), മകൻ പ്രമോദ്(32), തിക്നായിയുടെ ഭാര്യ സഹോദരന്റെ മകൻ പ്രസാദ്(36) എന്നിവരാണ് മരിച്ചത്.
മദ്യം കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായ തിക്നായി ഇന്നലെയാണ് മരിച്ചത്. എന്നാൽ വിഷാംശത്തിന്റെ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ തിരിച്ചറിയാനായിരുന്നില്ല. തുടർന്ന് സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ മരണവീട്ടിൽവച്ച് ബന്ധുവായ പ്രസാദിനൊപ്പം മദ്യം കഴിക്കുന്നതിനിടെയാണ് ഇരുവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
തുടർന്ന് കുഴഞ്ഞുവീണ ഇരുവരെയും രാത്രി 11 ഓടെ ജില്ലാശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രമോദ് യാത്രാ മധ്യേയും പ്രസാദ് ആശുപത്രിയിലും വച്ചാണ് മരിച്ചത്. നാടൻചികിത്സകരായിരുന്ന തിക്നായിക്ക് കർണാടകയിൽനിന്നും വന്ന ഒരാൾ പാരിതോഷികം നൽകിയതാണ് മദ്യക്കുപ്പിയെന്നാണ് സംശയം.
ഇരുവരും കഴിച്ച മദ്യത്തിന്റെ സാന്പിൾ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. സാധാരണ ഗതിയിൽ വിഷം കഴിച്ചാൽ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങളൊന്നും ഇവരിൽ കാണാനില്ലെന്നും മാരകമായ ഏതോയിനം വിഷം മദ്യത്തിൽ കലർന്നിരിക്കാമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
ആശുപത്രിയിലെത്തിച്ചിരിക്കുന്ന സാന്പിളിൽ മദ്യത്തിന്റെയോ മറ്റ് വിഷപദാർഥങ്ങളുടെയോ രൂക്ഷ ഗന്ധമില്ലെന്നുള്ളതും സംശയം ജനിപ്പിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ പറയുന്നു. മാനന്തവാടി ഡിവൈഎസ്പി കെ.എം. ദേവസ്യയും എക്സൈസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
പോസ്റ്റുമോർട്ടത്തിനായി മൂന്നുപേരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വെള്ളമുണ്ട പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. പ്രമോദ് അവിവാഹിതനാണ്. പ്രസാദിന്റെ ഭാര്യ ശ്രീജ. രണ്ട് മക്കളുണ്ട്.