ഏറ്റവും അധികം ആളുകള്‍ ഇഷ്ടപ്പെടുന്ന ഒരു വിനോദമാണല്ലൊ സിനിമ. വിവിധ ഭാഷകളില്‍ സിനിമകള്‍ എത്താറുണ്ടല്ലൊ. ഇവയിലൂടെ പലരും ആളുകള്‍ക്ക് പ്രിയപ്പെട്ടവരായി മാറാറുമുണ്ട്.
അത്തരത്തില്‍ ഏറെ ആരാധകരുള്ള ഒരാളാണ് തമിഴ് നടനായ വിശാല്‍ കൃഷ്ണ റെഡ്ഡി. അദ്ദേഹത്തിന്റേതായി ഇറങ്ങാനിരിക്കുന്ന ചിത്രമാണ് ആദിക് രവിചന്ദ്രന്‍ സംവിധാനത്തിലുള്ള മാര്‍ക് ആന്റണി.
ഈ ചലച്ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരു അപകടമാണ് സമൂഹ മാധ്യമങ്ങളെ ഇപ്പോള്‍ ഞെട്ടിക്കുന്നത്. ഈ അപകടത്തിന്റെ വീഡിയോ വിശാല്‍ തന്റെ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.
ദൃശ്യങ്ങളില്‍ ഒരു ഫൈറ്റ് സീനിനായുള്ള സെറ്റാണ് കാണാനാവുക. വിശാലും നിരവധി സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റുമാരും അവിടെയുണ്ട്. നിലത്ത് വീണ് കിടക്കുകയാണ് വിശാല്‍.
ഉടനടി ഒരു ട്രക്ക് ആ രംഗത്തേക്ക് പാഞ്ഞുവരികയാണ്. എന്നാല്‍ സാങ്കേതിക തകരാര്‍ മൂലം ട്രക്കിന്റെ നിയന്ത്രണം നഷ്ടമായി. ആ വാഹനം അപകടകരമായ വേഗത്തില്‍ വിശാല്‍ ഉള്ളിടത്തേക്ക് പാഞ്ഞുവന്നു.
തലനാരിഴയ്ക്ക് അദ്ദേഹം രക്ഷപ്പെടുന്നതായി ദൃശ്യങ്ങളില്‍ കാണാം. ട്രക്ക് ഷൂട്ടിംഗ് സൈറ്റ് തകര്‍ത്താണ് നിന്നത്. ഭാഗ്യത്തിന് ആര്‍ക്കുംതന്നെ പരിക്ക് പറ്റിയില്ല.
ആ കുറച്ച് നിമിഷങ്ങളില്‍ താന്‍ മരണത്തെ മുഖാമുഖം കണ്ടെന്നും ഈശ്വരനാണ് കാത്തതെന്നും വിശാല്‍ പറയുന്നു. ഏതായാലും നടന് അപകടമൊന്നും പിണയാഞ്ഞതിന്റെ ആശ്വാസത്തിലാണ് തമിഴ് സിനിമാ ലോകവും ആരാധകരും.