ചിങ്ങവനം: ചിങ്ങവനത്തെ വ്യാപാരികൾക്ക് സാധനങ്ങളുടെ വില മാത്രമല്ല, വിശപ്പിന്റെ വിലയും അറിയാം. അതുകൊണ്ടാണ് വിശപ്പുരഹിത ചിങ്ങവനം പദ്ധതിക്ക് വ്യാപാരികൾ രൂപം നല്‍കിയത്. ‘വിശക്കുന്നു, എന്തെങ്കിലും തരണം’ എന്നാവശ്യപ്പെട്ട് ആരെങ്കിലും ചിങ്ങവനത്തെത്തിയാൽ അവർക്ക് ഭക്ഷണം നല്‍കുന്നതാണ് പദ്ധതി.
കടക്കാർ നൽകുന്ന കൂപ്പണുമായി ചിങ്ങവനത്തെ മൂന്നു ഹോട്ടലുകളിൽ എവിടെയെങ്കിലും ചെന്നാൽ സൗജന്യമായി ഭക്ഷണം കഴിക്കാം. ധന്യ, കൃഷ്ണ, നന്ദനം എന്നീ ഹോട്ടലുകളിലാണ് ഭക്ഷണം നല്‍കുന്നത്. കൂപ്പണ്‍ ഹോട്ടലുകാർ വ്യാപാരികളെ തിരിച്ചേൽപിക്കുന്പോൾ പണം നല്‍കും. ഹോട്ടലുകാരും വില കുറച്ചേ വാങ്ങൂ. വ്യാപാരി വ്യവസായി ഏകോപന സമിതി ചിങ്ങവനം യൂണിറ്റാണ് വിശപ്പു രഹിത പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. നവജീവൻ ട്രസ്റ്റി പി.യു.തോമസ് മുഖ്യാതിഥി ആയിരുന്നു. പദ്ധതിക്കു വേണ്ടി ആശയ സമർപ്പണം നടത്തിയ പ്രവീണ്‍ ദിവാകരനെ പി.യു.തോമസ് ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് ജി.കണ്ണൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ റെജി സി ഏബ്രഹാം, എൻ.സി.രാജു, ജിമ്മി തോമസ്, നഗരസഭാ കൗണ്‍സിലർമാരായ ടിനോ കെ തോമസ്, ടിന്റു ജിൻസ് എന്നിവർ പ്രസംഗിച്ചു.