ആലപ്പുഴ: വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പും ആലപ്പുഴ നഗരസഭയും ചേർന്ന് ആരംഭിച്ച സുഭിക്ഷ ഉച്ചഭക്ഷണശാല ആലപ്പുഴ ശവക്കോട്ടപ്പാലത്തിന് സമീപം പ്രവർത്തനമാരംഭിച്ചു. നഗരത്തിൽ പലവിധ ആവശ്യങ്ങൾക്കായി വരുന്ന ആളുകൾക്കും പാവപ്പെട്ടവർക്കും കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകാൻ ഉദ്ദേശിച്ചാണ് പദ്ധതി.
20 രൂപയ്ക്കാണ് ഇവിടെ നിന്നും ഉൗണ് ലഭിക്കുക. ആദ്യഘട്ടത്തിൽ വെജിറ്റേറിയൻ ഉൗണാണ് ലഭിക്കുക. അടുത്തമാസം മുതൽ പ്രത്യേക വില വാങ്ങി മീൻവിഭവങ്ങളും ഉൾപെടുത്തും. കാശില്ലാത്തവർക്കും സുഭിക്ഷയിൽ നിന്ന് ഉൗണ് കഴിക്കാൻ അവസരമൊരുക്കും. ഉച്ചഭക്ഷണം കഴിക്കാനായി എത്തുന്നവർ കൂടുതൽ തുക നൽകുകയാണെങ്കിൽ അതിനുള്ള കൂപ്പണ്‍ പുറത്തുവയ്ക്കും.
ഈ കൂപ്പണുപയോഗിച്ചാണ് കാശില്ലാത്തവർക്ക് ഉൗണ് കഴിക്കാൻ അവസരമൊരുക്കുക. ആലപ്പുഴ ശവക്കോട്ടപ്പാലത്തിന് പടിഞ്ഞാറു വശം നഗരസഭയുടെ രാത്രികാല വിശ്രമകേന്ദ്രത്തിന്റെ താഴത്തെ നിലയിലാണ് ഭക്ഷണശാല പ്രവർത്തിക്കുക.പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ ഉച്ചഭക്ഷണശാലയുടെ ഉദ്ഘാടനം നിർവഹിച്ചു.
ഭക്ഷ്യമന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ റേഷനിംഗ് കണ്ട്രോളർ എൻ. ഹരിപ്രസാദ് ആദ്യകൂപ്പണ്‍ വിതരണം നിർവഹിച്ചു.ആലപ്പുഴ നഗരസഭാ ചെയർമാൻ തോമസ് ജോസഫ്, വൈസ് ചെയർപേഴ്സണ്‍ സി. ജ്യോതിമോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജി. മനോജ്കുമാർ, ബഷീർകോയാപറന്പിൽ, ബിന്ദുതോമസ്, എ.എ. റസാക്ക്, കൗണ്‍സിലർമാരായ കരോളിൻ പീറ്റർ, മോളി ജേക്കബ്, ടി.ജെ. ആഞ്ചലോസ്, ഡി. ലക്ഷ്മണൻ, ജോണിമുക്കം പങ്കെടുത്തു.