കോട്ടയം: കോട്ടയം നഗരത്തിൽ ഇനി ആരും വിശന്നിരിക്കേണ്ട. എത്ര പേർ വന്നാലും ഉച്ചയൂണ് നൽകി വിശപ്പടക്കാൻ റെഡ്ക്രോസ് റെഡി. റോഡ് ക്രോസ് കോട്ടയം ബ്രാഞ്ച് ആരംഭിച്ച വിശപ്പ് രഹിത കോട്ടയം പട്ടണം എന്ന പദ്ധതി നഗരത്തിലെ പാവങ്ങളുടെ പട്ടിണി മാറ്റും. വയസ്കരകുന്നിലെ പകൽ വീട്ടിലാണ് ഭക്ഷണം നൽകുന്നത്. തുടങ്ങിയ ദിവസം 100 പേർ വിശപ്പടക്കി.
പിന്നീടുള്ള ദിവസങ്ങളിൽ 125, 150 എന്നിങ്ങനെ ഓരോ ദിവസവും ഭക്ഷണം തേടി വരുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഉച്ചയ്ക്ക് 12.30ന് ഭക്ഷണ വിതരണം ആരംഭിക്കും. ഉച്ചയ്ക്കു കോട്ടയം നഗരത്തിൽ എത്തിയവർക്ക് ഭക്ഷണം കഴിക്കാൻ കൈയ്യിൽ പണമില്ലെങ്കിൽ നേരേ വയസ്കര കുന്നിലേക്ക് പോകുക.
അവിടെ പകൽ വീട്ടിൽ ഭക്ഷണം നിങ്ങളെകാത്തിരിപ്പുണ്ടാകും.നഗരസഭ ഇത്തരമൊരു പദ്ധതി നടത്തി വന്നിരുന്നത് സ്തംഭിച്ചിരുന്നു. അതോടെ റെഡ്ക്രോസ് പദ്ധതി ഏറ്റെടുക്കുകയായിരുന്നു. വിശപ്പു രഹിത കോട്ടയം പട്ടണത്തിന്റെ രണ്ടാം ഘട്ടമായി ആശുപത്രികളിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം എത്തിക്കുമെന്ന് റെഡ്ക്രോസ് ജില്ലാ ചെയർമാൻ സുനിൽ സി. കുര്യൻ, വൈസ് ചെയർമാൻ ജോബി തോമസ് എന്നിവർ പറഞ്ഞു.
വീടുകളിൽ കഴിയുന്ന പ്രായമായവർക്കും ഭക്ഷണം എത്തിക്കും. ആശുപത്രിയിലെ രോഗികളെക്കൂടാതെ പട്ടണത്തിൽ ഫുട്പാത്തിൽ കഴിയുന്നവരും മറ്റുമുള്ളവർക്കും ഭക്ഷണം നല്കുന്ന പദ്ധതിയാണ് അടുത്ത് ആരംഭിക്കുന്നത്. ഭക്ഷണം നല്കാൻ ആർക്കെങ്കിലും താൽപര്യമുണ്ടെങ്കിൽ തങ്ങളുടെ പദ്ധതിയിൽ ഭാഗമാകാമെന്നും ഇവർ അറിയിച്ചു.