ആലപ്പുഴ: രാജ്യത്ത് പട്ടിണി കിടക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വിശപ്പുരഹിത മാരാരിക്കുളം പദ്ധതി ഏറെ ശ്രദ്ധേയമാണെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക് പറഞ്ഞു. പട്ടിണിയുടെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം 103 ആണ്.
ഇക്കഴിഞ്ഞ വർഷങ്ങൾക്കിടയിലാണ് ഇന്ത്യയിൽ പട്ടിണി ഇത്രയും വർധിച്ചത്. ഇതേ സമയത്താണ് ഒരാളുപോലും വിശന്നിരിക്കാത്ത നാടായി മാരാരിക്കുളം മാറുന്നതെന്ന് ഐസക്ക് പറഞ്ഞു. ജീവതാളം പെയിൻ ആന്റ് പാലിയേറ്റീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിശപ്പ് രഹിത കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണം നടക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പേർക്ക് ഭക്ഷണം നൽകുന്നത് വിശപ്പ് രഹിത മാരാരിക്കുളം പദ്ധതി വഴിയാണ്. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഇത്തരം കൂട്ടായ്മകളെ ഏകോപിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
വർഷങ്ങളായി ആശുപത്രികളിലും തെരുവോരങ്ങളിലും അഭയ കേന്ദ്രങ്ങളിലും, സ്കൂളുകളിലും, വീടുകളിലുമെത്തി ഭക്ഷണ വിതരണം നടത്തുന്നവരുടെ കൂട്ടായ്മയാണ് സംഘടിപ്പിച്ചത്. വിശപ്പ് രഹിത ചേർത്തല പദ്ധതി കൂടുതൽ ആളുകളിലേയ്ക്ക് വ്യാപിക്കുമെന്ന് കണ്‍വീനർ പ്രവീണ്‍ പറഞ്ഞു.
കൂട്ടായ്മയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനൽകുമാർ അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.മാത്യു നിർവഹിച്ചു.
പി.എ. ജുമൈലത്ത്, എൻ.പി.സ്നേഹജൻ, കവിതാ ഹരിദാസ്, കെ.വി.രതീഷ്, സജി പി.സാഗർ, കിഷോർ ചാറ്റർജി, നൗഷാദ് പുതുവീട് എന്നിവർ സംസാരിച്ചു. ജില്ലയിൽ പല ഭാഗങ്ങളിലായി ഭക്ഷണ വിതരണം നടത്തുന്ന കെ.രാജപ്പൻ നായർ ( വിശപ്പ് രഹിത ചേർത്തല), പി.വിനീതൻ (വിശപ്പ് രഹിത മാരാരിക്കുളം), ജയൻ തോമസ് (ജനകീയ ഭക്ഷണശാല), പി.എം.അബ്ദുൾസലാം (വിശപ്പ് രഹിത അരൂർ), എ.ആർ.നൗഷാദ് (അത്താഴക്കൂട്ടം) പ്രേംസായി (സത്യസായിബാബ ട്രസ്റ്റ്), തോമസ് അറയ്ക്കൽ (വെനീസ് ഓഫ് ഈസ്റ്റ്), നാസർ ഇബ്രാഹിം, ദേവസ്യ (സെഹിയോൻ ഉൗട്ടുശാല) ഹാരിസ് കോയ (ദയ), തുഷാർ വട്ടപ്പള്ളി, വാഹിദ് താഴകത്ത്, ഷിജു വിശ്വനാഥ്, അനിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.