ആലപ്പുഴ: അഗതികളും അശരണരുമായ എല്ലാവർക്കും ഒരു നേരത്തെയെങ്കിലും ഭക്ഷണം വീടുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിക്കുന്ന വിശപ്പുരഹിത കേരളം പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള തുടക്കം 24ന് ആലപ്പുഴ നഗരസഭയിൽ നടക്കും.
പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനു സർക്കാർ 70 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ സർക്കാർ പണം നൽകി മാതൃക കാണിച്ചെങ്കിലും പൂർണമായും സർക്കാർ സഹായത്തോടെയല്ല പദ്ധതി വിഭാവനം ചെയ്തിട്ടുളളതെന്ന് കളക്ടറേറ്റിൽ ചേർന്ന പദ്ധതിയുടെ അവലോകന യോഗത്തിൽ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
സന്നദ്ധ സംഘടനകൾ വഴിയും മറ്റു സ·നസുകളുടെയും സഹായത്തോടെയാണ് പദ്ധതി തുടർന്നുപോകുക. ആദ്യഘട്ടത്തിൽ 24 വാർഡുകളിൽപ്പെട്ട 240 ഗുണഭോക്താക്കൾക്കാണ് വീടുകളിൽ ഭക്ഷണം എത്തിക്കുക. ഭക്ഷ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പദ്ധതി പ്രാരംഭഘട്ട ബുദ്ധിമുട്ടുകൾ തരണം ചെയ്ത ശേഷം കേരളം മുഴുവൻ വ്യാപിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രിയുടെ സമയം ലഭിക്കുന്ന മുറയ്ക്കു നടക്കും. അതിനുമുന്പ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി തുടങ്ങാൻ മന്ത്രി നിർദേശിച്ചു. ഇപ്പോൾ പദ്ധതിയുടെ ഗുണഭോക്താക്കളെ സിഡിഎസ്, ആശാവർക്കർ എന്നിവരുടെ സഹകരണത്തോടെയാണ് കണ്ടെത്തിയത്. ഈ ലിസ്റ്റ് കളക്ടറും സന്നദ്ധ സംഘടനാപ്രവർത്തകരും ഉൾപ്പെടുന്ന കമ്മറ്റി വിശദമായി പഠിച്ച് ഒൗദ്യോഗികമായി അന്തിമമാക്കും.
അന്തിമ ലിസ്റ്റിന്റെ പരിശോധന രണ്ടുദിവസത്തിനകം പൂർത്തിയാക്കുമെന്ന് കളക്ടർ ടി.വി.അനുപമ യോഗത്തിൽ പറഞ്ഞു. കളക്ടറുടെ നേതൃത്വത്തിലുള്ള സമിതി ഉപഭോക്താക്കളെ അന്തിമമായി കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കും. കളക്ടർ ചെയർമാനും ജില്ലാ സപ്ലൈ ഓഫീസർ കണ്വീനറുമായിട്ടുള്ള കമ്മിറ്റിയിൽ സന്നദ്ധസംഘടനാ പ്രതിനിധികളും ഉണ്ടാവും
. പാതിരപ്പള്ളി സ്നേഹ ജാലകത്തിലാണ് നഗരത്തിലേക്കു ആവശ്യമായ ഭക്ഷണം തയാറാക്കുക. ഇതിനുള്ള ചെലവ് കളക്ടർ നിശ്ചയിച്ച് ഇവർക്കു നൽകും. പാകംചെയ്ത ഭക്ഷണം നഗരത്തിലെ ആറുകേന്ദ്രങ്ങളിലായി എത്തിക്കും. ടെന്പിൾ ഓഫ് ഇംഗ്ലീഷ്, പുലയൻ വഴി, സക്കറിയ ബസാർ, വാടയ്ക്കൽ അരയസമാജം, സിഡിഎസ് കൈചൂണ്ടിമുക്ക്, ത്രിവേണി വായനശാല തുടങ്ങിയ കേന്ദ്രങ്ങളിലാണു ഭക്ഷണം എത്തിക്കുക.
ഇവിടെയെത്തിക്കുന്ന ഭക്ഷണം സന്നദ്ധസംഘടനകളുടെ സഹായത്തോടെ അഗതികളുടെ വീടുകളിൽ എത്തിച്ചു നൽകും. പുരുഷന്മാരില്ലാത്ത പാവപ്പെട്ട വീടുകൾ, കിടപ്പു രോഗികൾ ഉള്ള വീടുകൾ എന്നിവർക്കാണ് പ്രഥമഘട്ടത്തിൽ പരിഗണന. മാനദണ്ഡങ്ങൾ ഉൾപ്പെടുന്ന ചെക്ക് ലിസ്റ്റിനു അന്തിമരൂപം നൽകാനുള്ള ചുമതല കളക്ടർക്കു നൽകി.
നിലവിൽ ഏതെങ്കിലും വീടുകളിൽ ഏതെങ്കിലും സന്നദ്ധ സംഘടനകൾ ഭക്ഷണം നൽകുന്നുണ്ടെങ്കിൽ അവർ തന്നെയാകും ഈ പദ്ധതിയിലും വീടുകളിൽ ഭക്ഷണം വിതരണം ചെയ്യുക. നഗരസഭാ ചെയർമാൻ തോമസ് ജോസഫ്, സബ്കളക്ടർ വി.ആർ. കൃഷ്ണ തേജ, ഡിഎസ്ഒ എൻ. ഹരിപ്രസാദ്, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.