കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടന് സിദ്ദിഖ്, നടി ബിന്ദു പണിക്കർ എന്നിവരെ വിസ്തരിക്കുന്നത് മാറ്റിവച്ചു. പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനെ തുടർന്നാണ് വിസ്താരം മാറ്റിയത്. ബിന്ദു പണിക്കരെ തിങ്കളാഴ്ച വിസ്തരിക്കും.
സിദ്ദിഖിനെ വിസ്തരിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് കോടതി അറിയിച്ചു. നടി ഭാമയുടെ സാക്ഷി വിസ്താരവും വെള്ളിയാഴ്ച മാറ്റിവെച്ചിരുന്നു.
മൊഴി നൽകാനായി ഭാമ രാവിലെ കൊച്ചിയിലെ കോടതിയില്‍ എത്തിയിരുന്നെങ്കിലും പ്രോസിക്യൂഷൻ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് വിസ്താരം മാറ്റിയത്.
മാര്‍ച്ച് പതിമൂന്നാം തീയതിയിലേക്കാണ് വിസ്താരം മാറ്റിയത്. ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതിയായ ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവർത്തകരിൽ നിന്ന് പ്രൊസിക്യൂഷൻ മൊഴിയെടുക്കുന്നത്.