അഞ്ചല്‍: ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവും സസ്പെൻഷനിലായ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥനുമായ കിരണ്‍ കുമാറിനെതിരേ നിര്‍ണായക നീക്കം നടത്തി പോലീസ്.
കിരണിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. പോരുവഴി സഹകരണ ബാങ്കില്‍ കിരൺകുമാറിന്റെ സ്വന്തം പേരിലുള്ള ലോക്കറിലാണ് വിസ്മയയുടെ 80 പവൻ സ്വർണം സൂക്ഷിച്ചിട്ടുള്ളത്. ഈ ലോക്കറും പോലീസ് സീല്‍ ചെയ്തു.
സ്ത്രീധനമായി കിരണിന് വിസ്മയയുടെ വീട്ടുകാര്‍ നല്കിയ സ്വര്‍ണം, കാര്‍ എന്നിവ കേസില്‍ തൊണ്ടിമുതലാക്കി അന്വേഷണം തുടരാനാണ് പോലീസ് നീക്കം.
സീല്‍ ചെയ്ത ലോക്കര്‍ പിന്നീട് വിശദമായി പരിശോധിക്കും. സഹോദരന്റെ വിവാഹത്തിന് അണിയാന്‍ വിസ്മയ സ്വര്‍ണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും കിരണ്‍ നല്‍കിയിരുന്നില്ലെന്നു ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.
വരും ദിവസങ്ങളില്‍ വിസ്മയയുടെ സുഹൃത്തുകളുടെയും സഹപാഠികളുടെയും മൊഴി രേഖപ്പെടുത്തും.
കിരൺ കുമാർ ജനുവരിയില്‍ നിലമേലിൽ വിസ്മയയുടെ വീട്ടിലെത്തി വിസ്മയ, സഹോദരന് എന്നിവരെ മര്‍ദിച്ച സംഭവത്തില്‍ വീണ്ടും അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്യും.
കൊട്ടാരക്കര സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കിരണിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാനും അന്വേഷണസംഘം നീക്കമാരംഭിച്ചു. ഇതിനായി ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേട്ട് കോടതിയിലാകും അപേക്ഷ നൽകുക.
കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും ബന്ധുക്കള്‍ അടക്കമുള്ളവര്‍ക്ക് കേസില്‍ പങ്കുണ്ടോ എന്നതടക്കം മനസിലാക്കുന്നതിനും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനുമാണ് കിരണിനെ കസ്റ്റഡിയില്‍ വാങ്ങുന്നത്.
ഇതിനുശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയുള്ള എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
വിസ്മയയുടെ മരണത്തില്‍ കിരണിന്റെ വീട്ടുകാരുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് അന്വേഷണ മേൽനോട്ട ചുമതലയുള്ള ദക്ഷിണ മേഖലാ ഐജി ഹർഷിതാ അട്ടല്ലൂരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വിസ്മയയുടെ വീട്ടില്‍ സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ ജോസഫൈന്, മന്ത്രി വി. ശിവന്‍കുട്ടി, എന്‍.കെ. പ്രേമചന്ദ്രന് എംപി, കെ.ബി. ഗണേഷ്കുമാര് എംഎല്‍എ എന്നിവര്‍ ഇന്നലെ സന്ദര്‍ശനം നടത്തി.
സ്ത്രീധനക്കുറ്റം ചുമത്താന്‍ വനിതാ കമ്മീഷന്റെ നിര്‍ദേശം
തിരുവനന്തപുരം: വിസ്മയ, അര്‍ച്ചന എന്നിവരുടെ മരണത്തില്‍ പോലീസ് ചാര്‍ജ് ചെയ്ത കേസുകളില്‍ ശക്തമായ വകുപ്പുകള്‍ ചേര്‍ക്കാന്‍ കേരള വനിതാ കമ്മീഷന് നിര്‍ദേശം നല്കി. സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കാനാണ് നിര്‍ദേശം നല്‍കിയത്.
വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന്, അംഗങ്ങളായ അഡ്വ. എം.എസ്.താര, അഡ്വ. ഷിജി ശിവജി എന്നിവര്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ചു. ആലപ്പുഴ വള്ളിക്കുന്നത്ത് മരിച്ച സുചിത്രയുടെ വീട്ടിലും വനിതാ കമ്മീഷന് തെളിവെടുത്തു.