സ്വന്തംലേഖകന്‍
കോഴിക്കോട്: ഹൃദയതാളം നിലയ്ക്കുന്നതിന് മുമ്പേ കോവിഡ് രോഗിയുമായി പറന്ന് 108 ആംബുലന്‍സ്. കക്കട്ട് സ്വദേശിയായ 48കാരനാണ് 108 ആംബുലന്‍സ് ഡ്രൈവറുടേയും നഴ്സിന്റെയും അവസരോചിതമായ ഇടപെടലിനാല്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് 108 ആംബുലന്‍സ് പൈലറ്റ് വിഷ്ണു രാജിന്റെ മൊബൈലിലേക്ക് കണ്ട്രോള് സെല്ലില്‍ നിന്ന് വിളി എത്തുന്നത്. സമയം ഒട്ടും കളയാതെ വിഷ്ണു ആംബുലന്‍സ് റെഡിയാക്കി ആശുപത്രിയിലെത്തി.
കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് വീട്ടില്‍ കഴിയുകയായിരുന്ന 48കാരന്റെ അവസ്ഥ പെട്ടെന്നാണ് മോശമായത്. ഉടന്‍ തന്നെ കുറ്റ്യാടി ഗവ.ആശുപത്രിയില്‍ എത്തിച്ചു.
പരിശോധനയില്‍ രോഗിയുടെ നില ഗുരുതരമാണെന്ന് ഡോ.നിമ്യ തിരിച്ചറിഞ്ഞു. പ്രാഥമിക ശുശ്രൂഷകള്‍ നടത്തുന്നതിനിടെയാണ് ആംബുലന്‍സ് തയാറാക്കാന്‍ നിര്‍ദേശിച്ചത്.
ഡോക്ടറുടെ നിര്‍ദേശാനുസരണം രോഗിക്കൊപ്പം നഴ്സ് നിധിനും ആംബുലന്‍സില്‍ കയറി. ശ്വാസതടസം രൂക്ഷമായി അനുഭവപ്പെടുന്ന രോഗിക്ക് ആംബുലന്‍സിലും ഓക്സിജന്‍ നല്കുന്നുണ്ടായിരുന്നു.
5.15 ന് കുറ്റ്യാടിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് ആംബുലന്‍സ് പുറപ്പെട്ടു.57 കിലോമീറ്ററാണ് മെഡിക്കല്കോളജിലേക്കുള്ളത്. പുലര്‍ച്ചെയായതിനാലും ലോക്ക്ഡൗണ്‍ ആയതിനാലും വിഷ്ണുവിന് നേരിയ ആശ്വാസമുണ്ടായിരുന്നു.
രോഗിയുടെ സ്ഥിതി ഡോക്ടര്‍ വിഷ്ണുവിനെ ധരിപ്പിച്ചിരുന്നു. അതിനാല്‍ ഗൗരവം കണക്കിലെടുത്ത് വിഷ്ണു പരമാവധി വേഗതയില്‍ ആംബുലന്‍സുമായി പറന്നു.
അങ്ങനെ 33 മിനിറ്റുകൊണ്ട് മെഡിക്കല്‍ കോളജില്‍ എത്തുകയും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ചികിത്സ ആരംഭിക്കുകയും ചെയ്തു. പേരാമ്പ്ര സ്വദേശിയാണ് വിഷ്ണു. നഴ്സ് നിധിന് തിരുവനന്തപുരം സ്വദേശിയും കുറ്റ്യാടി ആശുപത്രിയിലെ നഴ്സുമാണ്.
റോഡിലെ തിരക്കുകളും മറ്റു വാഹനങ്ങളുടെ ബാഹുല്യവുമെല്ലാം കാണുമ്പോള്‍ നെഞ്ചിടിപ്പേറുമെങ്കിലും ആംബുലന്‍സില്‍ ജീവന് വേണ്ടി പോരാടുന്ന രോഗികളുടെ മുഖങ്ങളാണ് ലക്ഷ്യത്തിലെത്താന്‍ പ്രേരിപ്പിക്കുന്നതെന്ന് വിഷ്ണു പറയുന്നു.
കോവിഡ് ഡ്യൂട്ടിക്കായുള്ള മുപ്പത്തിയൊന്ന് 108 ആംബുലന്‍സുകളാണ് ജില്ലയിലുള്ളത്. കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ ഏഴ് ആംബുലന്‍സുകള്‍ 12 മണിക്കൂറുള്ള ഡ്യൂട്ടി 24 മണിക്കൂറാക്കി മാറ്റിയിട്ടുണ്ട്.
ഒരു ആംബുലന്‍സില്‍ ഒരു ഡ്രൈവറും ഒരു നഴ്സുമാണ് ഉണ്ടാവുക. ഇത്തരത്തില്‍ 62 ജീവനക്കാരാണ് ജില്ലയില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നത്.