ചെങ്ങന്നൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി ചെറുപ്രായത്തിലേ അക്രമവാസനയുള്ള ആളാണെന്ന് പോലീസ്.
പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം മുങ്ങി നടന്ന പ്രതിയെ ബന്ധുവിന്റെ വീട്ടിൽ നിന്നുമാണ് പോലീസ് പൊക്കിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
തിരുവൻവണ്ടൂർ ഇടയാടിപ്പറമ്പിൽ വിഷ്ണു (19) നെയാണ് ചെങ്ങന്നൂർ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ലോക് ഡൗൺ കാലത്താണ് പെൺകുട്ടി തൻ്റെ ബന്ധുവീട്ടിൽ എത്തിയത്.ഈ സമയത്ത് പ്രതി പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നു.
നിരന്തരം പ്രണയാഭ്യർത്ഥന നടത്തുകയും തൻ്റെ ഇംഗിതത്തിന് വശംവദയാകാത്തതിനെത്തുടർന്ന് പ്രതി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും മറ്റ് പ്രലോഭനങ്ങളിൽ പെടുത്തുകയും ചെയ്ത് നിരന്തരം പീഡനത്തിനിരയാക്കി ഗർഭിണിയാക്കുകയായിരുന്നു.
പിന്നീട് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്.
ഇതേത്തുടർന്ന് ചെങ്ങന്നൂർ പോലീസിൽ പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. സംഭവം അറിഞ്ഞ പ്രതിയും കുടുംബവും ഇന്നലെ വീട്ടിൽ നിന്ന് മുങ്ങി.
പ്രതിയെ അന്വേഷിച്ചെത്തിയ പോലീസിന് കിട്ടിയ വിവരം അനുസരിച്ച് പ്രതിയുടെ ബന്ധുവീട്ടിൽ നിന്നും അറസ്റ്റു ചെയ്തു. പോക്സോ നിയമം ചുമത്തിയാന്ന് കേസ് എടുത്തിരിക്കുന്നത്.
സിഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ്ഐ എസ്.വി. ബിജു, എഎസ്ഐ അജിത്ത്, സിപിഒ മാരായ അനിൽ, അരുൺ രാജ്, അനീഷ്, അനിരുദ്ധൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.