ഹരിപ്പാട്: റോഡിലെ ഗട്ടറിൽ കിടന്ന് കിട്ടിയ 36000 രൂപ ഉടമസ്ഥനെ ഏല്പിച്ച് സ്കൂൾ വിദ്യാർഥികൾ മാതൃകയായി. പള്ളിപ്പാട് നടുവട്ടം വിഎച്ച്എസ് സ്കൂളിലെ ഏഴാം തരം വിദ്യാർഥികളായ വിഷ്ണുനാരായണനും, ദേവനാരായണനുമാണ് സത്യസന്ധമായ പ്രവൃത്തിയിലൂടെ ഏവരുടെയും പ്രശംസ നേടിയത്.
അയൽവാസികളായ ഇരുവരും സ്കൂൾ വിട്ട് ട്യൂഷൻ സെന്ററിലേക്ക് പോകുന്പോൾ നടുവട്ടം ആർകെ ജംഗ്ഷൻ റോഡിലെ നടുവട്ടം ഗുരുമന്ദിരത്തിന് സമീപത്തുനിന്നുമാണ് റബ്ബർ ബാന്ഡിട്ട നിലയിൽ കിടന്ന പണം കണ്ടു കിട്ടിയത്.നടുവട്ടം, രാജേഷ് ഭവനത്തിൽ രാജേഷിന്റെ പക്കൽ നിന്നും നഷ്ടപ്പെട്ടതായിരുന്നു തുക.
ട്യൂഷൻ സെന്ററിലെത്തിയ കുട്ടികൾ പണം പ്രിൻസിപ്പാളിനെ ഏല്പിയ്ക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. പ്രിൻസിപ്പാൾ അവധിയിലായിരുന്നതിനാൽ സ്കൂൾ ഹെഡ്മിസ്ട്രസിനെ പണം ഏല്പിക്കാനായി ട്യൂഷൻ സെന്ററിൽ നിന്ന് ഇറങ്ങിയ കുട്ടികൾ നഷ്ടപ്പെട്ട പണം റോഡിൽ തിരയുന്ന അയൽവാസിയായ രാജേഷിനെ കാണുകയും പണം തിരികെ ഏല്പിക്കുകയുമാണ് ഉണ്ടായത്.
വിവരം ശ്രദ്ധയിൽപ്പെട്ട സ്കൂൾ അധികൃതർ കുട്ടികളെ സമ്മാനങ്ങൾ നൽകി അനുമോദിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ്, സി.എസ്.ഗീതാകുമാരി, പ്രിൻസിപ്പാൾ കെ.ബി.ഹരികുമാർ, അദ്ധ്യാപകരായ ടി.പി. ജയലക്ഷ്മി, ആർ.ജയശ്രീ എന്നിവർ സംസാരിച്ചു. നടുവട്ടം, ശ്രീനിലയം ജയന്റെ മകനാണ് വിഷ്ണുനാരായണൻ, നടുവട്ടം, പുന്നപ്പറന്പിൽ, ഗോപാലകൃഷ്ണൻ നായരുടെ മകനാണ് ദേവനാരായണൻ.