കർണാടകയിലെ റായ്ചുർ ജില്ലയിൽ കൃഷ്ണാ നദിക്കു സമീപം മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെയും ചിത്രീകരിക്കുന്ന പുരാതന ദശാവതാരവിഗ്രഹം കണ്ടെത്തി.
വിഗ്രഹത്തിന്റെ പ്രഭാവലയത്തിൽ മത്സ്യം, കൂർമ, വരാഹ, നരസിംഹം, വാമനൻ, രാമൻ, പരശുരാമൻ, കൃഷ്ണൻ, ബലരാമൻ, കൽക്കി എന്നിവയുൾപ്പെടെയുള്ള “ദശാവതാരങ്ങൾ’ കൊത്തിയിട്ടുണ്ട്.
മഹാവിഷ്ണുവിനെ നാലു കൈകളോടെയാണു ചിത്രീകരിച്ചിരിക്കുന്നത്. മുകളിലുള്ള കൈകൾ ശംഖും ചക്രവും പിടിച്ചിരിക്കുന്നു. താഴത്തെ കൈകൾ വരം നൽകുന്ന രീതിയിലാണ്. മാലകളും ആഭരണങ്ങളും കൊണ്ടു വിഗ്രഹം അലങ്കരിച്ചിരിക്കുന്നു. പുരാതന ശിവലിംഗവും ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്. 11-12 നൂറ്റാണ്ടുകളിലേതാണു വിഗ്രഹമെന്നു പുരാവസ്തു ഗവേഷകർ കണക്കാക്കുന്നു.
കൂടുതൽ പഠനങ്ങൾ നടക്കുകയാണെന്നു ചരിത്രത്തിലും പുരാവസ്തുശാസ്ത്രത്തിലും സ്പെഷലൈസ് ചെയ്ത അധ്യാപിക ഡോ. പത്മജ ദേശായി പറഞ്ഞു. ഏതെങ്കിലും ക്ഷേത്രത്തിന്റെ നാശത്തിനിടയിൽ നദിയിൽ മുങ്ങിയതായിരിക്കാം വിഗ്രഹം. അയോധ്യയിൽ പുതുതായി നിർമിച്ച രാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച രാംലല്ല വിഗ്രഹത്തിന്റെ നിർമാണവുമായി ഇതിനു സാമ്യമുള്ളതായും ഡോ. പത്മജ പഞ്ഞു.