ഇരിട്ടി: വിഷ്ണുവെന്ന മധ്യപ്രദേശുകാരൻ കേരളത്തിലെത്തിയത് കന്പിളിപുതപ്പുകൾ വിറ്റ് ഉപജീവനമാർഗം തേടാനാണ്. എന്നാൽ മഴക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീർ കാണാതെ പോകാൻ ഈ 28 കാരനു കഴിഞ്ഞില്ല. വില്പനയക്കായി കൊണ്ടു വന്ന പുതപ്പുകളിൽ ബാക്കിയുള്ളവ ദുരിതബാധിതർക്കു നൽകി വിഷ്ണു നാട്ടിലേക്ക് മടങ്ങുകയാണ്.
വർഷങ്ങളോളും പതിവായി കന്പിളി പുതപ്പുമായി വില്പനയക്കു വന്ന മേഖലയിലെ ജനങ്ങൾ ഉരുൾപൊട്ടലിനും മഴക്കെടുതിക്കും മുന്നിൽ പകച്ചു നിൽക്കുന്നതാണ് ഇക്കുറി മധ്യപ്രദേശിൽ നിന്നുമെത്തിയ വിഷ്ണു കണ്ടത്. അയ്യന്‍കുന്ന്, ആറളം പഞ്ചായത്തില്‍ ഉരുള്‍പൊട്ടി ആളുകളെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചപ്പോള്‍ ആദ്യസഹായം വിഷ്ണുവിന്റേതായിരുന്നു.
തന്റെ കൈവശമുള്ള കമ്പിളി പുതപ്പുകള്‍ ദാനം നല്കിയ ഈ മധ്യ പ്രദേശുകാരന്റെ കൈനീട്ടം ഇന്ന് കേരളം കടന്ന് ലോകമൊട്ടാകെ ഏറ്റെടുത്തു. വിഷ്ണുവിനെ ജില്ലാ ഭരണകൂടം ആദരിക്കുകയും ചെയ്തിരുന്നു. ഇന്ന് ഇരിട്ടി താലൂക്ക് ഓഫീസില്‍ എത്തി തഹസില്‍ദാര്‍ കെ.കെ.ദിവാകരനോടും മറ്റ് ജീവനക്കാരോടും വിഷ്ണു നാട്ടിലേക്കു പോകുന്നതിനു മുന്നോടിയായി യാത്ര ചോദിച്ചു.
കേവലം പുതപ്പുകളുടെ വിലയുടെ മൂല്യത്തേക്കാൾ വലുതാണ് സഹായിക്കാനുള്ള മനസെന്ന വലിയ പാഠം സമൂഹത്തിനു പകർന്നു നൽകിയാണ് വിഷ്ണു നാട്ടിലേക്കു മടങ്ങുന്നത്.