അന്പലപ്പുഴ: ഒറീസയിൽനിന്ന് ചൈനയിലേക്ക് ചരക്കുമായി പോയ കപ്പലിൽനിന്നു മലയാളി യുവാവിനെ കാണാതായി. പുന്നപ്ര വടക്ക് പഞ്ചായത്ത് 10-ാം വാർഡ് വൃന്ദാവനം ബാബു തിരുമല-സിന്ധു ദമ്പതികളുടെ മകൻ വിഷ്ണു ബാബുവിനെ(25)യാണ് കാണാതായത്.മേയ് 25 നാണ് വിഷ്ണു ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഷിപ്പിംഗ് കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചത്.
ബുധനാഴ്ച രാത്രി പ്രാദേശിക സമയം 7.5ന് വിഷ്ണു ഫോണിൽ വീട്ടുകാരുമായി സംസാരിച്ചിരുന്നു. വിഷ്ണു ഉൾപ്പെടെ 19 മർച്ചന്റ്നേവി ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെ കപ്പലിലെ സെക്കൻഡ് ക്യാപ്റ്റന്റെ ക്യാബിനിൽ ഇവർ പതിവ് റിപ്പോർട്ടിംഗിന് എത്താൻ നിർദേശിച്ചിരുന്നു.
ഈ സമയം വിഷ്ണു എത്താതിരുന്നതിനെതുടർന്ന് നടത്തിയ തെരച്ചിലിൽ കപ്പലിന്റെ ഡക്കിൽ വിഷ്ണുവിന്റെ ചെരുപ്പുകൾ കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിൽ വിഷ്ണുവിന്റെ ഫോൺ ക്യാബിനിൽനിന്ന് കണ്ടെത്തിയെങ്കിലും വിഷ്ണുവിനെ കണ്ടെത്താനായില്ലന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം.
ഇന്ധനം നിറയ്ക്കാനായി വ്യാഴാഴ്ച കപ്പൽ സിങ്കപ്പൂർ പോർട്ടിലേക്കു പോകുന്നതിനിടെയാണ് വിഷ്ണുവിനെ കാണാതായത്. ചെന്നൈയിലുള്ള ക്യാപ്റ്റൻ ഗണേഷ് ശ്രീനിവാസനുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ വിഷ്ണുവിനെ കണ്ടെത്തുന്നതിന് മലേഷ്യൻ മറൈൻ എൻഫോഴ്സ്മെന്റ് ഏജൻസി അന്വേഷണം ആരംഭിച്ചെന്ന വിവരമാണ് ലഭിച്ചത്. സിങ്കപ്പൂർ ഗവ. കപ്പൽ കസ്റ്റഡിയിലെടുത്തു.
വിഷ്ണുവിന്റെ സഹപ്രവർത്തകരെയും കപ്പലിലെ മറ്റു ജീവനക്കാരെയും ചോദ്യം ചെയ്തെങ്കിലും വിഷ്ണുവിന് എന്താണ് സംഭവിച്ചതെന്നറിയില്ലെന്ന വിവരമാണ് ലഭിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നോർക്ക വിഭാഗം ഉദ്യോഗസ്ഥർ വിഷ്ണുവിന്റെ ബന്ധുക്കളുമായി ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ തേടി.