അധികാരികള്‍ അവഗണിച്ച ഗ്രാമത്തിനു വെള്ളവും വെളിച്ചവുമെത്തിച്ച സബ് കളക്ടര്‍ക്ക് ഇതിലും വലിയൊരു ആദരം ലഭിക്കാനുണ്ടോ? തമിഴ്നാട്ടില്‍ നിന്നുമാണ് ഈ വ്യത്യസ്തമായ കഥ. കഥയിലെ നായകന് മലയാളിയായ സബ് കളക്ടര്‍ വി. വിഷ്ണുവും. തിരുനല്‍വേലി ജില്ലയിലെ വഗൈകുളം വില്ലേജിലെ വികസനമെത്താത്ത ഗ്രാമമാണ് കഥാപശ്ചാത്തലം.
ഒരിക്കല്‍ ഇതുവഴി പോയ വിഷ്ണു പിന്നോക്കവിഭാഗക്കാര്‍ താമസിക്കുന്ന ഗ്രാമത്തിന്റെ ശോച്യാവസ്ഥ നേരിട്ടു മനസിലാക്കുകയായിരുന്നു. ഇരുപതിലേറെ കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രാമത്തില്‍ വെള്ളമോ വെളിച്ചമോ ഒന്നുമെത്തിയിട്ടില്ല. വൃത്തിഹീനമായ സാഹചര്യവും. ഈ കഷ്ടപ്പാടിനിടെയിലും പഠിച്ച് മിടുക്കന്മാരായവരും ഈ ഗ്രാമത്തിലുണ്ടായിരുന്നു.
ഗ്രാമത്തിന്റെ അവസ്ഥ മാറ്റുന്നതിനായി വിഷ്ണു ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഉദ്യോഗസ്ഥര്‍ പതിവുപോലെ മുട്ടാന്യായം പറഞ്ഞു ഒഴിവാകാന്‍ ശ്രമിച്ചെങ്കിലും വിഷ്ണു വിട്ടുകൊടുത്തില്ല. കര്‍ശനനിലപാടെടുത്തതോടെ കാര്യങ്ങള്‍ പതിയെ മാറാന്‍ തുടങ്ങി. നാലു മാസത്തിനുള്ളില്‍ എല്ലാ വീട്ടിലും വെളിച്ചമെത്തി. പൈപ്പ് കണക്ഷനും ലഭിച്ചതോടെ എല്ലാ വീട്ടിലും വെള്ളവുമെത്തി. അര്‍ഹരായവര്‍ക്ക് പെന്‍ഷനും ലഭിച്ചതോടെ ഗ്രാമത്തിന്റെ മുഖംതന്നെ മാറി.
ഗ്രാമത്തിനു തന്റെ പേരിടുന്നതിനെതിരേ വിഷ്ണു എതിര്‍പ്പ് അറിയിച്ചെങ്കിലും ഗ്രാമവാസികള്‍ വഴങ്ങിയില്ല. കൊച്ചി സ്വദേശിയായ വിഷ്ണു 2011ലാണ് ഐഎഎസ് നേടുന്നത്.