പത്തനംതിട്ട: പോലീസ് സിപിഎമ്മിന്റ പോഷക സംഘടനയായി അധ:പതിച്ചിരിക്കുകയാണെന്ന് എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥ് പറഞ്ഞു. കെവിൻ ജോസഫിനെ പോലീസിന്റെ ഒത്താശയോടെ സിപിഎം പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും കസ്റ്റഡി മരണങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വത്തിൽ ജില്ലാകളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്ക് പോലീസിലുള്ള നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. പോലീസ് നടത്തുന്ന എല്ലാ ഹീനകൃത്യങ്ങൾക്കും സംസ്ഥാന ഭരണനേതൃത്വം കൂട്ടുനിൽക്കുകയാണെന്ന് വിഷ്ണുനാഥ് കുറ്റപ്പെടുത്തി.യുഡിഎഫ് ജില്ലാ ചെയർമാൻ പന്തളം സുധാകരൻ അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് ബാബു ജോർജ്്, മുസ്്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ. അബ്ദുൾ റഹ്മാൻ, യുഡിഎഫ് നേതാക്കളായ സനോജ് മേമന, ടി.എം ഹമീദ്, എ.ഷംസുദ്ദീൻ, കെ.ജയവർമ, അന്നപൂർണാദേവി, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം എ.സുരേഷ്കുമാർ, തോപ്പിൽ ഗോപകുമാർ, തോമസ് അലക്സ്, അനീഷ് വരിക്കണ്ണാമല എന്നിവർ പ്രസംഗിച്ചു.