കാക്കനാട്: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കൂടുതൽ വിവരങ്ങളുടെ ചുരുൾ അഴിയുന്നു. പ്രളയ ദുരിതാശ്വാസ ഫണ്ടിൽനിന്ന് 10.54 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി കളക്ടറേറ്റ് ദുരന്ത നിവാരണ വിഭാഗം സെക്ഷൻ ക്ലർക്ക് കാക്കനാട് മാവേലിപുരത്ത് വൈഷ്ണവം വീട്ടിൽ വിഷ്ണുപ്രസാദിനെ മുവാറ്റുപുഴ വിജിലൻസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് നടപടി. ഇന്നലെ ഉച്ചയോടെയാണ് ക്രൈംബ്രാഞ്ച് വിഷ്ണുവിനെ കോടതിയിൽ ഹാജരാക്കിയത്. കോടതിയിൽ വിഷ്ണുവിന്റെ അഭിഭാഷകൻ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും പോലീസ് അതിനെ എതിർത്തു.
കേസിലെ രണ്ടും മൂന്നും പ്രതികൾ ഒളിവിലാണെന്നും അന്വേഷണ ഘട്ടത്തിൽ തന്നെ മുഖ്യപ്രതിയെ ജാമ്യത്തിൽ വിട്ടാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും അന്വേഷണ സംഘം കോടതിയിൽ ബോധിപ്പിച്ചു. തുടർന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ശനിയാഴ്ചയിലേക്ക് മാറ്റി.
പ്രതിയെ ശനിയാഴ്ച ക്രൈംബ്രാഞ്ച് കൂടുതൽ ചോദ്യം ചെയ്യുന്നതിന്നായി കസ്റ്റഡിയിൽ വാങ്ങും. രണ്ടും മൂന്നും പ്രതികളായ മഹേഷും അൻവറും അൻവറിന്റെ ഭാര്യയും ഒളിവിലാണ്. ഇവർക്കായുളള തെരച്ചിൽ ഊർജിതമാക്കി.
പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പ് കേസിൽ സിപിഎം തൃക്കാക്കര ലോക്കൽ കമ്മിറ്റി അംഗം എം.എം. അൻവറിനെക്കൂടാതെ ഭാര്യയുടെ പേരിലും പണം കൈമാറിയതായി ക്രൈം ബ്രാഞ്ച് സംഘം വിജിലൻസ് കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
അൻവറിന്റെ ഭാര്യയുടെ പേരിലുള്ള കാക്കനാട് എച്ച്ഡിഎഫ്സി ബാങ്കിൽ കഴിഞ്ഞ നവംബർ 29ന് 49999 രൂപ തട്ടിയെടുത്തതായി അന്വേഷണ സംഘം കണ്ടെത്തി. നിലവിൽ അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ടർ ബോർഡ് അംഗമാണ് അൻവറിന്റെ ഭാര്യ.
വിഷ്ണുപ്രസാദ് മുന്പും സാമ്പത്തിക കാര്യത്തിൽ ആരോപണ വിധേയൻ
കാക്കനാട്: ദുരന്തനിവാരണ വിഭാഗം സെക്ഷൻ ക്ലാർക്കായ വിഷ്ണുപ്രസാദ് മുന്പും സാമ്പത്തിക വിനിയോഗ കാര്യത്തിൽ ആരോപണ വിധേയൻ. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടത്തിയ ജനസമ്പർക്ക പരിപാടിയിൽ നിർധനർക്കും രോഗികൾക്കും അനുവദിച്ച തുക വെട്ടിക്കുറച്ചതിന് ആരോപണ വിധേയനായ കളക്ട്രേറ്റ് ജീവനക്കാരനാണ് ഇയാൾ.
അർഹരായവർക്ക് അനുവദിച്ച തുകയിൽനിന്നു നല്ലൊരു സംഖ്യ വീതം വെട്ടിച്ചുരുക്കിയാണ് സിപിഎം അനുകൂല സർവീസ് സംഘടനാ നേതാവ് കൂടിയായിരുന്ന വിഷ്ണുപ്രസാദ് ധനസഹായം നൽകിയിരുന്നത്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ ജനസമ്പർക്ക പരിപാടിയിൽവച്ച് നേരിട്ടനുവദിച്ച തുക പോലും വെട്ടിച്ചുരുക്കി നൽകിയത് വലിയ ആക്ഷേപങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഇത്തരത്തിൽ അനുവദിച്ച തുകയിൽനിന്നു വെട്ടിക്കുറച്ച തുക എന്ത് ചെയ്തെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ജനസമ്പർക്ക പരിപാടിയിൽ ജില്ലക്ക് അനുവദിച്ച തുക മുഴുവൻ കളക്ട്രേറ്റിലെ ദുരന്തനിവാരണ വിഭാഗത്തിന്റെ അക്കൗണ്ടിലേക്കാണ് എത്തിയത്.
അപേക്ഷകൾ പരിഗണിച്ച് പട്ടിക തയാറാക്കി അനുവദിച്ച ചെക്കുകൾ അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് അയക്കുകയായിരുന്നു പതിവ്. ഇത്തരത്തിൽ അയച്ച ചെക്കുകളിന്മേൽ യഥാർഥ തുകയിലും കുറഞ്ഞ തുകയാണ് അനുവദിച്ചതെന്ന് കണ്ടെത്തിയ അർഹരായ അപേക്ഷകരിൽ പലരും ഇക്കാര്യം ചൂണ്ടിക്കാട്ടി കളക്ട്രേറ്റിൽ നേരിട്ടെത്തിയത് വൻ വിവാദമായിരുന്നു.
പ്രളയ ദുരിതാശ്വാസ നിധിയിൽ നടത്തിയ അതേ തട്ടിപ്പ് ജനസമ്പർക്ക പരിപാടിയിൽ മുഖ്യമന്ത്രി അനുവദിച്ച തുകയിലും വിഷ്ണുപ്രസാദ് നടത്തിയിട്ടുണ്ടാവുമെന്നാണ് സൂചന. അന്വേഷണം അത്തരത്തിലും പുരോഗമിക്കുന്നതായാണ് അറിയുന്നത്.