തിരുവനന്തപുരം: കനകക്കുന്നിൽ പോലീസിന്റെ സദാചാര പോലീസിംഗിനിരയായി മൂന്നാം ദിനത്തിൽ അവർ ജീവിതത്തിൽ ഒന്നിച്ചു. അതും കനകക്കുന്നിൽ നടന്ന ലളിതമായ ചടങ്ങിൽ.
കനകക്കുന്നിൽ തോളിൽ കൈയിട്ടിരുന്നു സംസാരിച്ചതിന്റെ പേരിൽ വനിതാ പോലീസുകാർ സദാചാര പോലീസ് ചമഞ്ഞു ഭീഷണിപ്പെടുത്തിയെന്നു പരാതി നൽകിയ വിഷ്ണു വിച്ചുവും എസ്.എ. ആരതിയുമാണ് ഇന്നലെ വിവാഹിതരായത്.
ഏതാനും സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ കേക്കു മുറിച്ചായിരുന്നു ഇരുവരുടെയും ലളിതമായ വിവാഹച്ചടങ്ങ്. സ്വകാര്യ സ്ഥാപനത്തിൽ എൻജിനിയറായ വിഷ്ണു വിച്ചുവും (24) എൻജിനിയറിംഗ് വിദ്യാർഥിനിയായ എസ്.എ. ആരതിയു (23)മാണു ഇന്നലെ ജീവിതത്തിലും ഒന്നിച്ചത്. വിവാഹിതരാകുന്നുവെന്ന വിവരം ഫേസ്ബുക്കിലൂടെയാണ് ഇരുവരും സുഹൃത്തുക്കളെ അറിയിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണു കനകക്കുന്നിൽ തോളിൽ കൈയിട്ടിരുന്നു സംസാരിച്ചതിന്റെ പേരിൽ പിങ്ക് പോലീസ് വിഷ്ണുവിനേയും ആരതിയേയും പിടികൂടിയത്. പോലീസ് നടപടികൾ ആരതി മൊബൈൽ ഫോണ് വഴി തൽസമയം ഫേസ്ബുക്കു വഴി പോസ്റ്റ് ചെയ്തിരുന്നു.
പോലീസിന്റെ നടപടികൾ സംസ്ഥാനത്തിന് അകത്തും പുറത്തുമായുള്ള 54,000 പേരാണു കണ്ടത്. സംഭവം വിവാദമായതോടെ പിങ്ക് പോലീസിന്റെ മോറൽ പോലീസിംഗിനെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന പോലീസ് മേധാവി തിരുവനന്തപുരം റേഞ്ച് ഐജിക്കു നിർദേശം നൽകിയിരുന്നു. ഐജിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടയിലാണു ഇന്നലെ ഇരുവരും വിവാഹിതരായത്.