നാദാപുരം: വിഷ്ണുമംഗലം പുഴ പൂര്‍ണ്ണമായി വറ്റി വരണ്ടു. വടകര ബീച്ച് ഭാഗത്തേക്കും ഒഞ്ചിയം, ഏറാമല, പുറമേരി,അഴിയൂര്‍ ഉള്‍പ്പെടെ വിവധ ഭാഗങ്ങളിലേക്കുള്ള ജല വിതരണം നിലച്ചു. ചൊവ്വാഴ്ച്ച ചുരുങ്ങിയ സമയം മാത്രമേ പമ്പിംഗ് നടന്നുള്ളൂ. പുഴയില്‍ ജല വിതാനം കുറഞ്ഞ് തുടങ്ങിയതോടെ മാസങ്ങള്‍ക്ക് മുമ്പ് തന്നെ പുഴയിലെ ബണ്ട് അടച്ചിരുന്നു. ചൂട് ശക്തമായതോടെ വെള്ളം പെട്ടെന്ന് കുറയുകയായിരുന്നു.
വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും. പുഴയ്ക്ക് സമീപമുള്ള കിണറുകളും വറ്റി തുടങ്ങി. പമ്പ് ഹൗസ് പരിസരത്തെ ചെളി മാറ്റിയിരുന്നെങ്കില്‍ കുറേ വെള്ളം സംഭരിക്കാന്‍ കഴിയുമായിരുന്നു. പുഴയിലെ ചെളി നീക്കാന്‍ സര്‍ക്കാര്‍ ഒരു കോടി അനുവദിച്ചിരുന്നെങ്കിലും അതിന്റെ നടപടി ക്രമങ്ങൾ എവിടെയുമെത്തിയിട്ടില്ല.
അധികൃതരെത്തി പരിശോധിക്കുകയും എസ്റ്റിമേറ്റ് കണക്കാക്കുകയും ചെയ്തിരുന്നു. ചെളിയെടുക്കുന്നത് സംബന്ധിച്ച് ജനങ്ങളില്‍ നിന്ന് ചില അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. അത് സംബന്ധിച്ച് ഒരു തീരുമാനവുമായില്ല. ഇനി മഴ ലഭിച്ചാല്‍ ചെളിയെടുക്കാന്‍ പിന്നേയും ഒരു വര്‍ഷം കാത്തിരിക്കണം.
പുഴയില്‍ വെള്ളം കുറഞ്ഞതോടെ മീന്‍ പിടിക്കാന്‍ ചിലര്‍ രംഗത്തെത്തിയിരുന്ന. ഇത് വാട്ടര്‍ അഥോറിറ്റി കര്‍ശനമായി തടഞ്ഞിരിക്കുകയാണ്. ഇത് തടയാന്‍ പോലീസും രംഗത്തുണ്ട്. അവശേഷിക്കുന്ന വെള്ളത്തില്‍ നിന്ന് മീന്‍ പിടിച്ചാല്‍ ചെളി കലങ്ങുന്നതോട കിട്ടുന്ന വെള്ളം കിണറിലേക്ക് കൊണ്ടു വന്ന് പമ്പ് ചെയ്യാനുള്ള ശ്രമം നടക്കാതെ വരും. മീന്‍ പിടിക്കരുതെന്ന നോട്ടീസ് പുഴയോരത്ത് പതിച്ചിട്ടുണ്ട്.