തൃപ്പൂണിത്തുറ: നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാൽ അത് ഇന്ത്യയിലെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ്. യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന്റെ തൃപ്പൂണിത്തുറ നിയോജക മണ്ഡലം തെരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുൽവാമ ആക്രമണത്തിൽ ജവാന്മാർ വീരമൃത്യു വരിച്ചപ്പോൾ ഫോട്ടോ ഷൂട്ട് നടത്തി സൈനികരെ അപമാനിച്ച മോദി കോൺഗ്രസിനെ ദേശസ്നേഹം പഠിപ്പിക്കേണ്ട. വാഗ്ദാനം ചെയ്ത പത്തു ലക്ഷം തൊഴിൽ ചോദിച്ചപ്പോൾ പട്ടിയെ പിടിക്കാൻ പറഞ്ഞ നായനാർ സർക്കാരിന്റെ ഹിന്ദി പതിപ്പാണ് മോദി സർക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.കൺവൻഷൻ നടന്ന ലായം കൂത്തമ്പലത്തിലേക്ക് മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ ഹൈബി ഈഡനെ എതിരേറ്റത്. മുൻ മന്ത്രി കെ. ബാബു അധ്യക്ഷത വഹിച്ചു.
കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ, പി.ടി. തോമസ് എംഎൽഎ., ടി.ജെ. വിനോദ്, ഐ.കെ.രാജു, എം.എ.ചന്ദ്രശേഖരൻ, എൻ.വേണുഗോപാൽ, കെപിസിസി നിർവാഹക സമിതിയംഗങ്ങളായ കെ.ബി.മുഹമ്മദ് കുട്ടി, ജി. സുധാംബിക, ഡിസിസി ജനറൽ സെക്രട്ടറിമാരായ ആർ.വേണുഗോപാൽ, പോളച്ചൻ മണിയങ്കോട്ട്, രാജു പി.നായർ, എൻ.ആർ.ശ്രീകുമാർ, ഗീത സജീവ്, കൊച്ചിൻ കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ബി. സാബു, ബ്ലോക്ക് പ്രസിഡന്റുമാരായ സി. വിനോദ്, ബേസിൽ മൈലന്തറ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ബാബു ആന്റണി, കെ.ആർ.പ്രേംകുമാർ, സിറാജുദ്ദീൻ രാജ, കെ.ടി. വിമലൻ, തോമസ് പുറശേരി തുടങ്ങിയവർ പ്രസംഗിച്ചു.